തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിശദവിവരങ്ങൾ മൂന്നുമാസത്തിനുള്ളിൽ നൽകുമെന്ന് കെ- റെയിൽ. പദ്ധതിക്ക് റെയിവേ ഭൂമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. സർവേക്കല്ലുകൾ സ്‌ഥാപിക്കുന്നത് സാമൂഹികാഘാത പഠനത്തിനാണെന്നും കെ- റെയിൽ വിശദീകരിക്കുന്നു.
റെയിൽവേയുടെ സ്‌ഥലത്ത് കെ- റെയിലിന്റെ സർവേക്കല്ലുകൾ സ്‌ഥാപിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. റെയിൽവേയുടെ എത്ര ഭൂമി പദ്ധതിക്ക് ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ അനുമതിക്കുവേണ്ട നടപടികൾ കൈക്കൊള്ളുന്നതിനിടെയാണ് കേന്ദ്രം വിശദറിപ്പോർട് ആവശ്യപ്പെട്ടത്. പിന്നാലെ ഭൂമി ഏറ്റെടുക്കലിന് കോടതിയിൽ എതിർപ്പും അറിയിച്ചു.
പദ്ധതിക്ക് ഭൂമി ഇപ്പോൾ ഏറ്റെടുക്കുന്നില്ലെന്നാണ് കെ- റെയിലിന്റെ വിശദീകരണം. അന്തിമാനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കലുണ്ടാവൂ എന്ന് സർക്കാർ നേരത്തേ വ്യക്‌തമാക്കിയിരുന്നു എന്ന് കെ- റെയിൽ എംഡി വി അജിത് കുമാർ പറഞ്ഞു.
സംസ്‌ഥാനം മുന്നോട്ടുവെക്കുന്ന ഒരു പദ്ധതിക്ക് കേന്ദ്രത്തിന് ഒറ്റയടിക്ക് അനുമതി നിഷേധിക്കാനാവില്ല. രാഷ്‌ട്രീയ സമ്മർദങ്ങളുടെ ഫലമായി കാലതാമസമുണ്ടായേക്കാം. അതിനാൽ കേന്ദ്രം മുന്നോട്ടുവെക്കുന്ന പദ്ധതികളുമായി യോജിച്ചുപോകുന്നതാണ് സിൽവർ ലൈൻ പദ്ധതിയെന്ന് ബോധ്യപ്പെടുത്തി അനുമതി നേടിയെടുക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ ശ്രമം.
Also Read: ലോകായുക്‌ത; ഗവർണറോട് കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി