ന്യൂഡെൽഹി: ജന്ദര്‍ മന്തറില്‍ വിവാദ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികള്‍ ആളുകളെ സംഘം ചേര്‍ക്കാന്‍ വാട്‍സ്ആപ്പും ഫേസ്ബുക്കും ഉപയോഗിച്ചതായി കണ്ടെത്തൽ. അഞ്ച് വാട്‍സ്ആപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുമാണ് പ്രതികൾ ഇതിനായി ഉപയോഗിച്ചതെന്ന് ഡെൽഹി പോലീസിന്റെ കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു.
പ്രതികളായ ഒമ്പത് പേരില്‍ ആറ് പേരും വാട്‍സ്ആപ്പും ഫേസ്ബുക്കും ദുരുപയോഗം ചെയ്‌തിരുന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഓഗസ്‌റ്റ് 8ന് ജന്ദര്‍ മന്തറില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ വിദ്വേഷം ജനിപ്പിക്കുന്നതും മുസ്‌ലിം വിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചു എന്ന കേസിലാണ് ഒന്‍പത് പേരെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഡെൽഹി ബിജെപിയുടെ മുന്‍ വക്‌താവ് അശ്വിനി ഉപാധ്യായ, ഹിന്ദു രക്ഷാദള്‍ പ്രസിഡണ്ട് ഭൂപേന്ദര്‍ തോമര്‍, സേവ് ഇന്ത്യ ഫൗണ്ടേഷന്‍ പ്രസിഡണ്ട് പ്രീത് സിംഗ്, ഹിന്ദു ഫോഴ്‌സ് പ്രസിഡണ്ട് ദീപക് സിംഗ്, സുദര്‍ശന്‍ വാഹിനി പ്രസിഡണ്ട് വിനോദ് ശര്‍മ, ഹിന്ദു രക്ഷാദള്‍ അംഗം ദീപക് കുമാര്‍, ഹിന്ദു ആര്‍മി സംഘതന്‍ പ്രസിഡണ്ട് സുശീല്‍ തിവാരി, ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകനും ബിജെപി കിസാന്‍ മോര്‍ച്ച മണ്ഡല്‍ പ്രസിഡണ്ടുമായ ഉത്തം ഉപധയ, വിനീത് ബാജ്പയ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
അശ്വിനി ഉപാധ്യായയായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്. ‘ബ്രിട്ടീഷ് ഭരണകാലത്തെ നിയമ’ങ്ങളില്‍ പ്രതിഷേധിച്ചെന്ന പേരിലായിരുന്നു സമരം. കഴിഞ്ഞ ജൂലൈ 30ന് പ്രതികളിലൊരാളായ അശ്വിനി ഉപാധ്യായ ഡെൽഹി ജില്ലാ ഡിസിപിക്ക് ജന്ദര്‍ മന്തറില്‍ ഓഗസ്‌റ്റ് 8ന് റലി നടത്താന്‍ അനുവാദം ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് നിരസിച്ചു. പിന്നീട് ഓഗസ്‌റ്റ് 4ന് നടത്താനെന്ന രീതിയിലും അപേക്ഷിച്ചെങ്കിലും അതും നിരസിച്ചു.
എന്നിട്ടും സോഷ്യല്‍ മീഡിയ വഴി അവര്‍ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അടക്കം ലംഘിച്ചുകൊണ്ട് നിരവധി പേരാണ് ജന്ദര്‍ മന്തറില്‍ തടിച്ചുകൂടിയതെന്നു അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്ഐ റാംകേഷ് പറഞ്ഞു. ആളുകളോട് ഇവരുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്യാന്‍ പ്രതികള്‍ ആവശ്യപ്പെട്ടതായും റാംകേഷ് കൂട്ടിച്ചേര്‍ത്തു.
ഓഗസ്‌റ്റ് 8ന് ജന്ദര്‍ മന്തറില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 13 പോലീസുകാർ, 4 മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവരടക്കം 18 സാക്ഷികളാണ് കേസിലുള്ളത്. പ്രതികളുടെ എല്ലാവരുടേയും ഫോണ്‍ ലൊക്കേഷന്‍ രേഖകള്‍ പരിശോധിച്ചതാണെന്നും സംഭവം നടന്ന സമയത്ത് എല്ലാവരും ജന്ദര്‍ മന്തറില്‍ ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Most Read: കർഷക കൊലപാതകക്കേസ്; ദൃക്‌സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി