അരിക്കൊമ്പൻ മിഷൻ; പറമ്പിക്കുളത്ത് ജനരോഷം ശക്‌തം- ഇന്ന് സമരം

കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസ്സഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

By Trainee Reporter, Malabar News
wild-elephant-arikomban
Rep. Image
Ajwa Travels

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നു. കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസ്സഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് ആനപ്പാടിയിൽ ജനകീയ പ്രതിഷേധ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. നെൻമാറ എംഎൽഎ കെ ബാബു സമരം ഉൽഘാടനം ചെയ്യും.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് എംഎൽഎ കെ ബാബു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്തയച്ചിരുന്നു. നിലവിൽ കാട്ടാന ശല്യം രൂക്ഷമായ സ്‌ഥലമാണ്‌ പറമ്പിക്കുളം. 3000ത്തിലധികം ജനസംഖ്യയുള്ള വനമേഖലയാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്ന് ഇറങ്ങിവന്നു മുതലമട, കൊല്ലങ്കോട് ഭാഗത്ത് കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയത്.

ഒരു വർഷത്തിനിടെ 40 ലക്ഷം രൂപയുടെ കൃഷി നാശവും ഇവിടെ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഈ സ്‌ഥലത്തേക്ക്‌ അരിക്കൊമ്പൻ കൂടി എത്തുന്നതോടെ പ്രശ്‌നം സങ്കീർണമാകുമെന്നാണ് എംഎൽഎ കത്തിലൂടെ മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും അറിയിച്ചിരിക്കുന്നത്. ഇന്നലെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് വിടാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോർട് പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്‌ഥ ഉണ്ടെന്നാണ് അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. മദപ്പാടിലായ അരിക്കൊമ്പനെ വനമേഖലയിലേക്ക് കൊണ്ടുപോകുമ്പോൾ വേണ്ട എല്ലാ സുരക്ഷാ മുൻകരുതലും സർക്കാർ സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകുകയും ചെയ്‌തു. റവന്യൂ, പോലീസ്, അഗ്‌നിരക്ഷാസേന വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം. ആനയെ പിടികൂടുമ്പോഴും ശേഷവുമുള്ള ആഘോഷങ്ങൾക്ക് കോടതി വിലക്ക് ഏർപ്പെടുത്തി. സോഷ്യൽ മീഡിയ പോസ്‌റ്റുകൾ, പടക്കം പൊട്ടിച്ചും സെൽഫി എടുത്തുമുള്ള ആഘോഷങ്ങൾക്കാണ് കോടതി വിലക്ക് ഏർപ്പെടുത്തിയത്.

എന്നാൽ, ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോ എന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനിക്കട്ടെയെന്ന് കോടതി പരാമർശിച്ചു. മനുഷ്യ-മൃഗ സംഘർഷത്തെപ്പറ്റി സർക്കാരിന് മുന്നിൽ നിരവധി റിപ്പോർട്ടുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമഗ്രമായ പഠനം ഇക്കാര്യത്തിൽ ആവശ്യമാണ്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയാൻ പബ്ളിക് ഹിയറിങ് നടത്തണം. 24 മണിക്കൂറും ജാഗ്രതയ്‌ക്കുള്ള സംവിധാനം വേണമെന്നും കോടതി നിർദ്ദേശിച്ചു.

ദീർഘകാല പരിഹാരമാണ് ഈ വിഷയത്തിൽ ആവശ്യം. അരിക്കൊമ്പൻ ഒറ്റപ്പെട്ട വിഷയമല്ല. ആവശ്യമായ നടപടികൾ സർക്കാർ നേരത്തെ സ്വീകരിക്കേണ്ടത് ആയിരുന്നു. കേന്ദ്ര സർക്കാരും കേസിൽ കക്ഷി ചേരണം. കൂട്ടത്തരവാദിത്തം ഉണ്ടെങ്കിലേ ഇതിന് പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും കോടതി വ്യക്‌തമാക്കി. ഇതോടെ, അരിക്കൊമ്പൻ വിഷയം സർക്കാരിന് പുതിയ തലവേദനയായി മാറിയിരിക്കുകയാണ്.

അതേസമയം, അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം തിങ്കളാഴ്‌ചക്ക് ശേഷം ആരംഭിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്. ദൗത്യത്തിൽ പങ്കെടുക്കേണ്ട വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുടെ യോഗം തിങ്കളാഴ്‌ച ചേരും. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ. അതേസമയം, ഹൈക്കോടതി സ്‌റ്റേ നീക്കിയതിൽ ആശ്വാസം ഉണ്ടെന്നും സുരക്ഷ ഉറപ്പാക്കി നടപടികൾ സ്വീകരിക്കുമെന്നും വനംമന്ത്രി വ്യക്‌തമാക്കി.

Most Read: രാഷ്‌ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE