അസോളയുടെ സാധ്യതകൾ പരിചയപ്പെടുത്തി വിദ്യാർഥികൾ

കോയമ്പത്തൂർ അമൃത കാർഷിക കോളേജിലെ വിദ്യാർഥികളാണ് കൃഷിയിലെ അസോളയുടെ പ്രയോഗങ്ങളും സാധ്യതകളും കർഷകർക്ക് പരിചയപ്പെടുത്തുന്ന ക്ളാസ് സംഘടിപ്പിച്ചത്.

By Desk Reporter, Malabar News
Azolla Awareness at Coimbatore
Image Source: Supplied
Ajwa Travels

കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക് എക്‌സ്‌പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി അസോളയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്ന ക്‌ളാസ് സംഘടിപ്പിച്ചു.

Azolla Awareness at Coimbatore
Image Source: Supplied

ആല്‍ഗ വിഭാഗത്തിലെ ഒഴുകി നടക്കുന്ന പന്നൽ ചെടിയാണ് അസോള. വയലുകളിലും ആഴം കുറഞ്ഞ ജലാശങ്ങളിലും വളരുന്ന ഇവ വളരെവേഗം പടര്‍ന്നു പിടിക്കുന്ന വിഭാഗത്തിൽ പെട്ടതാണ്. പ്രോട്ടീന്‍സ്, ആമിനോ ആസിഡുകള്‍, ബീറ്റാകരോട്ടിന്‍ ഉൾപ്പടെയുള്ള വിറ്റമിനുകള്‍, കാല്‍സ്യം, ഫോസ്‌ഫറസ്, പൊട്ടാസ്യം, ഇരുമ്പ്, പിത്തള, മഗ്‌നീഷ്യം തുടങ്ങിയവയാൽ സമൃദ്ധമായ അസോള കാലിത്തീറ്റയായും ജൈവ വളമായും ഉപയോഗിക്കാം.

കാട, കോഴി, മൽസ്യം, താറാവ്‌, പന്നി, മുയല്‍ എന്നിവക്കെല്ലാം നല്‌കാവുന്ന തീറ്റ എന്ന നിലയിലും അസോളക്ക് പ്രാധാന്യമുണ്ട്‌. അസോളയിൽ അനബേന എന്ന സയനോ ബാക്‌റ്റീരിയ അടങ്ങിയിരിക്കുന്നതിനാൽ നൈട്രജൻ സ്‌ഥിരീകരണത്തിന് അസോള സഹായിക്കുന്നു. പയർ വർഗങ്ങളെക്കാൾ മൂന്നിരട്ടി അന്തരീക്ഷ നൈട്രജൻ സ്‌ഥിരീകരണം നടത്താൻ അസോളക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. വളരെ ചെറിയ കുളങ്ങളിൽ പോലും അസോള സമൃദ്ധമായി വളർത്താൻ കഴിയും.

അസോള: കൃതിമമായ ടാങ്കുകളിൽ

കൃതിമമായ ടാങ്കുകളിലും ഇവയെ വളർത്താം. ഇതിനായി, നിരപ്പായ തറയിൽ 2 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും ചതുരാകൃതിയിൽ ഇഷ്‍ടികകൾ അടുക്കുക. വെള്ളം പുറത്തുപോകാതിരിക്കാൻ പ്ളാസ്‌റ്റിക്‌ ഷീറ്റ് ഇതിനുള്ളിൽ വിരിക്കാം. ശേഷം വശങ്ങളിൽ ഇഷ്‌ടികകൾ വയ്‌ക്കണം. ശേഷം, 25 കിലോ മണ്ണ്, 5 കിലോ പച്ച ചാണകം എന്നിവ വെള്ളത്തിൽ കലർത്തുക. ടാങ്കിൽ 10 സെൻറീമീറ്റർ ഉയരത്തിൽ ഈ മിശ്രിതം നിറയ്‌ക്കണം. ചതുരശ്ര മീറ്ററിന് 500 ഗ്രാം എന്ന തോതിലാണ് ടാങ്കിൽ അസോള നിക്ഷേപിക്കേണ്ടത്. ഒരാഴ്‌ച കഴിയുമ്പോൾ ടാങ്ക് നിറയെ അസോള വളരുന്നത് കാണാൻ കഴിയും. വളരെ പെട്ടെന്ന് തന്നെ വളരാനുള്ള കഴിവ് ഇതിനുണ്ട്. ദിവസവും അരക്കിലോ മുതൽ ഒരു കിലോ വരെ അസോള വിളവെടുക്കാൻ സാധിക്കുമെന്നാണ് കാർഷിക വിദ്യാർഥികൾ പറയുന്നത്.

Azolla Awareness at Coimbatore
Image Source: Supplied

ഈ രീതിയിൽ വളർത്തിയെടുക്കുന്ന അസോള നേരിട്ട് മണ്ണിൽ ചേർക്കുകയോ ഉണക്കിപ്പൊടിച്ച് മണ്ണിൽ ചേർക്കുകയോ ആകാമെന്നും വിദ്യാർഥികൾ വിശദീകരിച്ചു. കോളേജ് ഡീൻ ഡോ. സുധീഷ് മണാലിലും റാവെ കോർഡിനേറ്റർ ഡോ. ശിവരാജ് പിയും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി, കൃഷ്‌ണ, നക്ഷത്ര, വരദ, അഭിജിത്, ശ്രീകാന്ത്, അക്ഷത്ത്, സോന, ദീചന്യ എന്നിവരും പങ്കെടുത്തു. അസോളയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ വികാസ് പീഡിയ സഹായിക്കും.

MOST READ | അർബുദ ചികിൽസ; കാൻസർമുക്‌തി നേടി 9കാരിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE