ബാലശങ്കറിന്റെ വെളിപ്പെടുത്തൽ; കോൺഗ്രസിന് പിടിവള്ളി; സിപിഎമ്മും ബിജെപിയും പ്രതിരോധത്തിൽ

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി രാഷ്‌ട്രീയ കേരളം. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബാലശങ്കറിന്റെ ആരോപണങ്ങൾ.

തനിക്ക് സീറ്റ് നിഷേധിച്ചത് ഈ ധാരണ കാരണമാണെന്നും ബാലശങ്കർ പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന കോൺഗ്രസിന്റെ പ്രസ്‌താവനകളെ ശക്‌തിപ്പെടുത്തുന്ന തരത്തിലായിരുന്നു ബാലശങ്കറിന്റെ പ്രതികരണം. ബാലശങ്കറിന്റെ പരാമർശങ്ങൾ ഇതിനോടകം തന്നെ കോൺഗ്രസ് ഏറ്റെടുത്തു കഴിഞ്ഞു. ‘ഇക്കാര്യം ഞങ്ങൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്, എന്നാൽ ഇത്രവേഗം സത്യം പുറത്താകുമെന്ന് കരുതിയില്ല’- ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

ബാലശങ്കറിന്റെ ആരോപണങ്ങളിൽ സിപിഎമ്മും ബിജെപിയും ഒരുപോലെ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. ആരോപണം ഉന്നയിച്ചയാൾ സാധാരണക്കാരനല്ല എന്നതാണ് ഇരുമുന്നണികളേയും കുഴക്കുന്നത്.

അമിത് ഷാ വിഭാവനം ചെയ്‌ത ബിജെപി നേതാക്കൾക്ക് പരിശീലനം നൽകുന്ന സമിതിയുടെ ദേശീയ കോ കൺനീവറും പാർട്ടി പബ്‌ളിക്കേഷൻ വിഭാഗം കോ കൺവീനറുമാണ് ഇദ്ദേഹം. ആർഎസ്‌എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ എഡിറ്റർ കൂടിയായ ഇദ്ദേഹം മോദിയെ പ്രകീർത്തിച്ച് ‘മോദി: ക്രിയേറ്റീവ് ഡിസ്‌റപ്‌റ്റർ, ദ മേക്കർ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്‌തകത്തിന്റെ രചയിതാവുമാണ് . ഈ പുസ്‌തകം എട്ടു ഭാഷകളിലാണ് ബിജെപി പുറത്തിറക്കിയിട്ടുള്ളത്.

ദ വീക്ക്, പ്രോബ്, ഓൺലുക്കർ, ഫൈനാൻഷ്യൽ എക്‌സ്‌പ്രസ്, ഫ്രീ പ്രസ് ജേണൽ എന്നീ മാദ്ധ്യമങ്ങളിലും ജോലി ചെയ്‌തിട്ടുണ്ട്‌. കേസരി ആഴ്‌ചപ്പതിപ്പിലെ കോളമിസ്‌റ്റായിരുന്നു. 1998-2004 കാലയളവിൽ മാനവവിഭവ ശേഷി വകുപ്പിലെ ഉപദേഷ്‌ടാവ് കൂടിയായിരുന്നു ബാലശങ്കർ.

2018ലെ ഉപതിരഞ്ഞെടുപ്പിൽ 35270 വോട്ട് നേടിയ മണ്ഡലമാണ് ചെങ്ങന്നൂർ. ഇവിടെയാണ് ബാലശങ്കറിനെ ഒഴിവാക്കിയത്. പകരം പാർട്ടി ജില്ലാ പ്രസിഡണ്ട് എംവി ഗോപകുമാറിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. കേന്ദ്ര നേതൃത്വത്തിന്റെയടക്കം പിന്തുണ തനിക്കുണ്ടായിട്ടും ഒഴിവാക്കപ്പെട്ടത് കേരളത്തിൽ നിന്ന് താൻ ജയിക്കരുതെന്ന താൽപര്യം ബിജെപിക്കുള്ളത് കൊണ്ടാണെന്ന് ബാലശങ്കർ പറഞ്ഞിരുന്നു.

ബന്ധുമിത്രാദികൾ അടക്കം 10,000 വോട്ടുകൾ തനിക്ക് ചെങ്ങന്നൂരിൽ ലഭിക്കുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെയും പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് എതിരെയും രൂക്ഷമായ വിമർശനമാണ് ബാലശങ്കർ നടത്തിയത്. ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന നേതൃത്വമാണ് സുരേന്ദ്രന്റേതെന്നും ബാലശങ്കർ കുറ്റപ്പെടുത്തി.

Also Read: യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE