യുവേഫ ചാംപ്യന്‍സ് ലീഗ്; കിരീടത്തില്‍ ആറാം തവണ മുത്തമിട്ട് മ്യൂണിക്കിലെ രാജാക്കന്മാര്‍

By News Desk, Malabar News
Bayern Munich beats PSG
Representational Image
Ajwa Travels

ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം ജര്‍മന്‍ രാജാക്കന്മാരുടെ കൈകളില്‍ ഭദ്രം. ലിസ്ബണിലെ ഡാലൂസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പാരിസ് സെയ്ന്റ് ഷര്‍മാങിനെ (പി എസ് ജി) എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബയേണ്‍ മ്യൂണിക്ക് വിജയം നേടിയത്. ബയേണിന്റെ കിങ്സ്ലി കോമാനാണ് 59-ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയത്. ജോഷ്വാ കിമ്മിച്ചിന്റെ പാസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു കോമാന്‍ ഗോള്‍ നേടിയത്. 24-കാരനായ കോമാന്‍ ഇത് വരെ കളിച്ച എല്ലാ സീസണിലും ലീഗ് കിരീടം നേടിയാണ് മടങ്ങിയിട്ടുള്ളത്.

സെമി ഫൈനല്‍ കളിച്ച ടീമില്‍ ഓരോ മാറ്റങ്ങളുമായാണ് രണ്ട് ടീമും കളിക്കാനിറങ്ങിയത്. ബയേണ്‍ പെരിസിച്ചിന് പകരം കോമാനെയാണ് ആദ്യ ഇലവനില്‍ ഇറക്കിയത്. ഒപ്പം പരിക്ക് പറ്റി സെമിയില്‍ പുറത്തിരുന്ന ഗോള്‍ കീപ്പര്‍ കെയ്ലര്‍ നവാസ് റിക്കോക്ക് പകരക്കാരനായി കളത്തിലിറങ്ങി. പി എസ് ജിയുടെ ബ്രസീല്‍ താരം നെയ്മര്‍ ആദ്യ പകുതിയില്‍ സ്‌കോറിങ്ങിന് വളരെ അടുത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ ശ്രമം ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ പരാജയപ്പെടുത്തി. നൂയറുടെ സേവുകളാണ് ആദ്യ പകുതിയില്‍ ബയേണിന്റെ രക്ഷക്കെത്തിയത്. ഫിനിഷിങ്ങിലെ പിഴവുകളിലൂടെയാണ് പി എസ് ജി യുടെ നിറം മങ്ങിയത്. 26-ാം മിനിറ്റില്‍ ലഭിച്ച അവസരം ഡി മരിയ പുറത്തേക്കടിച്ചു കളയുകയും ചെയ്തു.

പതിനൊന്നാം ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന ബയേണ്‍ മ്യൂണിക്കിന്റെ ആറാം കിരീടമാണിത്. ഈ വിജയത്തോടെ ചരിത്രം മാറ്റിയെഴുതാന്‍ ഒരുങ്ങുകയാണ് ബയേണ്‍. 2013 ലാണ് അവസാനമായി ബയേണ്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടുന്നത് എന്നത് ശ്രദ്ധേയമാണ്. ലിസ്ബണിലെ വിജയത്തോടെ 11 ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വിജയിച്ച ഏക ടീം എന്ന പദവി ബയേണിന് സ്വന്തം. ഈ മത്സരങ്ങളില്‍ നിന്ന് ആകെ 43 ഗോളുകളാണ് ഇവര്‍ നേടിയത്. ആകെ കിരീട നേട്ടത്തില്‍ സ്പാനിഷ് ക്ലബ്ബായ ബാര്‍സിലോണയെ മറികടന്ന് ബയേണ്‍ ലിവര്‍പൂളിന് ഒപ്പമെത്തി. ഇനി ഇറ്റാലിയന്‍ ക്ലബ് എസി മിലാനും സ്പെയ്നില്‍ നിന്നുള്ള റയല്‍ മാഡ്രിഡും മാത്രമാണ് മുന്നിലുള്ളത്. മാഡ്രിഡിന് 13 കിരീടമാണ് ഉള്ളത്.

പി എസ് ജിയും ബയേണും ഏറ്റുമുട്ടുന്ന ഒന്‍പതാമത് മത്സരമായിരുന്നു ഇത്. ബയേണിന്റെ നാലാം വിജയവും. ചരിത്രം ആവര്‍ത്തിക്കുന്നത് പോലെ ആദ്യമായി ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച പി എസ് ജിക്കും തോറ്റ് മടങ്ങേണ്ടി വന്നു. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് 2011-ല്‍ ഏറ്റെടുത്ത ശേഷം കളിക്കാരെ നേടാന്‍ വേണ്ടി മാത്രം പതിനായിരം കോടി രൂപയാണ് ഫ്രഞ്ച് ടീമിന് വേണ്ടി മുടക്കിയത്. എന്നാല്‍ ഇത്തവണയും യൂറോപ്പിന്റെ ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞില്ല. ആഭ്യന്തര ഫുട്‌ബോളില്‍ നാല് കിരീടം നേടിയ ശേഷമാണ് പി എസ് ജി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയത്. എന്നാല്‍, ഫ്രഞ്ച് ക്ലബ്ബിനെക്കാളും ഏഴ് പതിറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ട് ബയേണിന്. ബയേണിന് 120 ആണ് പ്രായം. പി എസ് ജി ഈ വര്‍ഷം 50-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE