കാസർഗോഡ്: കോളിയാർ ബേളൂർ പഞ്ചായത്തിലെ മുക്കുഴി പാലക്കുളത്തെ കരിങ്കൽ ക്വാറിയിലെ സ്‌ഫോടനത്തിൽ ഞെട്ടിത്തരിച്ച് പ്രദേശവാസികൾ. അപകടത്തെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തഹസിദാർ നിർദ്ദേശം നൽകി.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പാറപൊട്ടിക്കാനായി നിറച്ചിരുന്ന വെടിമരുന്ന് മിന്നലിന്റെ ആഘാതത്തിൽ ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വെടിമരുന്നിന് തിരി കൊളുത്താനായി സ്‌ഥാപിച്ച ഇലക്‌ട്രിക് ഉപകരണത്തിൽ നിന്ന് മിന്നലിനെ തുടർന്ന് വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണമായത്.
മുക്കുഴി കത്തുണ്ടിയിലെ രമേശനാണ് അപകടത്തിൽ മരിച്ചത്. തഹസിൽദാർ പിവി മുരളി, അമ്പലത്തറ എസ്‌ഐമാരായ ടിവി ദാമോദരൻ, മൈക്കിൾ സെബാസ്‌റ്റ്യൻ, തായന്നൂർ സ്പെഷ്യൽ വില്ലേജ് ഓഫിസർ സുരേഷ്, പഞ്ചായത്ത് അംഗം എംവി ജഗന്നാഥ് എന്നിവർ സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Most Read: കരിപ്പൂരിൽ നാല് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ