തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്‌റ്റാഫ് അഖിൽ മാത്യുവിനെതിരെ കൈക്കൂലി ആരോപണം. മലപ്പുറം സ്വദേശി ഹരിദാസാണ് അഖിൽ മാത്യുവിനെതിരെ കൈക്കൂലി ആരോപണവുമായി രംഗത്തെത്തിയത്. മകന്റെ ഭാര്യയുടെ മെഡിക്കൽ ഓഫിസർ നിയമനത്തിനായി അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്.
പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി നിയമനത്തിനാണ് പണം നൽകിയത്. അഞ്ചു ലക്ഷം രൂപ തവണകളായി നൽകാനാണ് ആവശ്യപ്പെട്ടത്. പത്തനംതിട്ട സ്വദേശി അഖിൽ സജീവ് എന്നയാളാണ് ഇടനിലക്കാരാനെന്നും ഹരിദാസ് പരാതിയിൽ പറയുന്നു. സിഐടിയു മുൻ ഓഫീസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസന്റെ പരാതിയിലുണ്ട്.
അതേസമയം, അഖിൽ മാത്യു പണം വാങ്ങിയിട്ടില്ലെന്നും, പരാതി അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിയുടെ ഓഫീസ് നൽകിയ പരാതി ഡിജിപിയുടെ ഓഫീസ് പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. പരാതിയിൽ കന്റോൺമെന്റ് പോലീസ് അന്വേഷണം നടത്തും. അതിനിടെ, സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
‘ഇത് സംബന്ധിച്ച പരാതി ആദ്യം വാക്കാൽ ഒരാൾ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയാണ് ചെയ്‌തത്. അത് കഴിഞ്ഞപ്പോൾ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാൻ പറഞ്ഞു. പരാതിയുടെ അടിസ്‌ഥാനത്തിൽ പേഴ്‌സണൽ സ്‌റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും, അത് നൽകുകയും ചെയ്‌തു. തനിക്കെതിരെ ഉയർന്ന ആരോപണം തെറ്റാണെന്ന് വസ്‌തുതകളുടെ അടിസ്‌ഥാനത്തിൽ തന്നെ അയാൾ വിശദീകരിച്ചു. താൻ ചെയ്യാത്ത കാര്യമാണ് തനിക്കുമേൽ ആരോപിക്കപ്പെട്ടതെന്ന് സ്‌റ്റാഫംഗം പറയുന്നതിനാൽ, അതും ഒരു പരാതിയായി നൽകണമെന്ന് ആവശ്യപ്പെട്ടു. അതിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്’ – ആരോഗ്യമന്ത്രി പറഞ്ഞു.
Most Read| ശമ്പളം കിട്ടിയോയെന്ന് ചോദിക്കണം, ഇല്ലെങ്കിൽ വഴിയിൽ ഇറക്കിവിട്ടാലോ? പരിഹസിച്ചു വിഡി സതീശൻ