‘ലൂസിഫറി’ന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ കേരളത്തിൽ ചിത്രീകരിക്കും. നിബന്ധനകളോടെ കേരളത്തിൽ ചിത്രീകരണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് തീരുമാനം. രണ്ടാഴ്‌ചയ്‌ക്ക് ശേഷം കേരളത്തിലെ ഷൂട്ടിങ് ആരംഭിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു.
നിലവിൽ സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ടായിരുന്നില്ല. തുടർന്നാണ് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘12ത് മാൻ‘ എന്ന ചിത്രവും കേരളത്തിൽ തന്നെ ചിത്രീകരിക്കുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
‘ഹൈദരാബാദിൽ കുറച്ച് ദിവസത്തെ ഷെഡ്യൂൾകൂടി ബാക്കിയുണ്ട്. അത് പൂർത്തിയാക്കിയാൽ ഉടനെ തന്നെ കേരളത്തിലേക്ക് വരും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഇവിടെ ചിത്രീകരിക്കാൻ സാധിക്കാത്തതിനാൽ മുടങ്ങി കി ടക്കുകയായിരുന്നു. അതും ഉടനെ പുനരാരംഭിക്കും. സർക്കാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ ഞങ്ങൾ ബാധ്യസ്‌ഥരാണ്. അതിൽ യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല. ഇവിടെ ചിത്രീകരിക്കുന്നതിലൂടെ നിർമാണ ചിലവ് കുറക്കാനാകും. മാത്രവുമല്ല നമ്മുടെ സിനിമാ പ്രവർത്തകർക്ക് തൊഴിലും ലഭിക്കും’, ആന്റണി പെരുമ്പാവൂർ വ്യക്‌തമാക്കി.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സിനിമ ചിത്രീകരിക്കാൻ അനുമതി നൽകണമെന്ന് ഫെഫ്‌ക അടക്കമുള്ള സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സീരിയൽ ഷൂട്ടിങ്ങിന് അനുമതി നൽകിയിട്ടും സിനിമാ ചിത്രീകരണത്തിന് അനുവാദം നൽകാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് നിബന്ധനകളോടെ ചിത്രീകരണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്.
അതേസമയം കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ‘ബ്രോ ഡാഡി’ ചെയ്യുന്നതായി പ്രഖ്യാപിച്ചത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍.
Most Read: ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ‘സ്വർണം വിതറിയ ഫ്രഞ്ച് ഫ്രൈസ്’