അടക്കം ചെയ്‌ത ആന്റണി ഔപ്പാടൻ തിരിച്ചെത്തി, തന്റെ ഏഴാം ചരമദിനത്തിൽ!

ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് മരണാന്തര ചടങ്ങുകൾക്ക് പിന്നാലെ ഒരാഴ്‌ചക്ക് ശേഷം തിരിച്ചുവന്നത്.

By Trainee Reporter, Malabar News
antony
ആന്റണി ഔപ്പാടൻ

കൊച്ചി: മരിച്ചു അടക്കം ചെയ്‌തയാൾ ഒരാഴ്‌ചക്ക് ശേഷം തിരിച്ചു വന്നു. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് മരണാന്തര ചടങ്ങുകൾക്ക് പിന്നാലെ ഒരാഴ്‌ചക്ക് ശേഷം തിരിച്ചുവന്നത്. മരിച്ചയാൾ തിരിച്ചെത്തിയ സംഭവം ബന്ധുക്കളെയും നാട്ടുകാരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഏഴാം ചരമദിനമായ തിങ്കളാഴ്‌ച ബന്ധുക്കൾ കല്ലറ അലങ്കരിച്ചു പ്രത്യേക പ്രാർഥന നടത്തി പിരിഞ്ഞപ്പോഴാണ് ആന്റണി നാട്ടിൽ ബസിറങ്ങിയത്.

ചൂണ്ടി കവലയിൽ ബസിറങ്ങി നടന്നുവന്ന ആന്റണിയെ കണ്ട അയൽക്കാരൻ സുബ്രഹ്‌മണ്യൻ ആദ്യമൊന്നു ഞെട്ടി. തുടർന്ന് സുബ്രഹ്‌മണ്യൻ പറഞ്ഞാണ് ആന്റണി തന്റെ മരണ വിവരം അറിഞ്ഞത്. പിന്നാലെ കീഴ്‌മാട്‌ പഞ്ചായത്ത് അംഗം സ്‌നേഹ മോഹനൻ അടക്കമുള്ളവരും ഈ സമയം സ്‌ഥലത്തെത്തി. ഉടൻ വീട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.

അവിവാഹിതനായ ആന്റണി ആലുവ മാർക്കറ്റിലും മൂവാറ്റുപുഴയിലും മറ്റും ചെറിയ ജോലികൾ ചെയ്‌ത്‌ കടത്തിണ്ണയിൽ കിടന്നുറങ്ങിയാണ് ജീവിച്ചിരുന്നത്. ആന്റണി വല്ലപ്പോഴുമേ വീട്ടിലെത്താറുള്ളൂ. ഏഴ് സഹോദരങ്ങളാണ് ഇയാൾക്കുള്ളത്. ഓഗസ്‌റ്റ് 14നാണ് അങ്കമാലി താലൂക്ക് ആശുപത്രിയിൽ ആന്റണിയുടെ മരണം രേഖപ്പെടുത്തിയത്.

13ന് രാത്രി കെഎസ്ആർടിസി സ്‌റ്റാൻഡ്‌ പരിസരത്തുവെച്ചു ശ്വാസതടസം അനുഭവപ്പെട്ടയാളെ അങ്കമാലി പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാൾ വൈകാതെ മരിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അങ്കമാലി ഭാഗത്തുള്ള ആന്റണിയുടെ സഹോദരിയാണ് ആദ്യം മൃതദേഹം തിരിച്ചറിയുന്നത്. പണ്ട് അപകടത്തെ തുടർന്ന് തലയിലും കാലിലുമുണ്ടായ മുറിവിന്റെ പാടുകൾ കണ്ടാണ് മൃതദേഹം ആന്റണിയുടേതാണെന്ന് ഉറപ്പിച്ചത്.

മറ്റു ബന്ധുക്കളും ആശുപത്രിയിലെത്തി ഇത് സ്‌ഥിരീകരിച്ചു. പിന്നീട് പോസ്‌റ്റുമോർട്ടം നടത്തി മൃതദേഹം ഏറ്റുവാങ്ങി ആലുവ ചുണങ്ങംവേലി സെയ്‌ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ബന്ധുക്കൾ ആളുമാറി അടക്കം ചെയ്‌തതായി പോലീസ് പറയുന്നു. എന്നാൽ, കല്ലറയിലുള്ള മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Most Read| ‘പൊതു പ്രവർത്തനത്തിൽ നിന്ന് മാറിയേക്കും’; സൂചന നൽകി കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE