കാവേരി നദീജല തർക്കം; കർണാടകയിൽ വ്യാപക പ്രതിഷേധം- വിമാനങ്ങൾ റദ്ദാക്കി

പ്രതിഷേധവുമായി ബന്ധപ്പെട്ടു 200റോളം പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

By Trainee Reporter, Malabar News
Cauvery water dispute
Ajwa Travels

ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദ് കർണാടകയിലെ ജനജീവിതത്തെ ദുസ്സഹമാക്കി. സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്‌തമാണ്. സംസ്‌ഥാനത്തിന്റെ തെക്കൻ മേഖലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പൂർണമായും അടച്ചു.

പ്രതിഷേധവുമായി ബന്ധപ്പെട്ടു 200റോളം പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൂടാതെ, ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള 44 വിമാനങ്ങളും റദ്ദാക്കി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാൻഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ചിക്‌മംഗളൂരുവിൽ പ്രതിഷേധക്കാർ പെട്രോൾ പമ്പുകളിലെത്തി പ്രതിഷേധിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്‌തു.

മാണ്ഡ്യയിലെ കാവേരി നദിക്കരയിൽ കന്നഡ സംഘടനാ പ്രവർത്തകരും കർഷകരും പ്രതിഷേധിച്ചു. ജലം വിട്ടുകൊടുക്കുന്നതിൽ സംസ്‌ഥാന സർക്കാരിന് നേരെ പ്രതിഷേധം മുഴക്കി. കാവേരി വിഷയത്തിൽ വേണ്ട രീതിയിൽ ഇടപെടാത്തതിൽ സംസ്‌ഥാനത്തെ എംപിമാർക്കെതിരെ ബെംഗളൂരുവിൽ വനിതകളുടെ പ്രതിഷേധവും നടന്നു. കർണാടക രക്ഷണ വേദികെയുടെ വനിതാ വിഭാഗമാണ് പ്രതിഷേധം നടത്തിയത്.

മാണ്ഡ്യയിൽ റോഡിൽ കിടന്നും പ്രവർത്തകർ പ്രതിഷേധിച്ചു. ബന്ദിന് പിന്തുണയുമായി സാൻഡൽവുഡ് താരങ്ങളായ ദർശൻ, ശിവ്‌രാജ് കുമാർ, ധ്രുവ സർജ, പൂജ ഗാന്ധി, ദുനിയ വിജയ് എന്നിവർ രംഗത്തെത്തി. ഇന്ന് പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. പ്രതിഷേധം കണക്കിലെടുത്ത് ബെംഗളൂരു നഗരത്തിൽ ഇന്നലെ അർധരാത്രി മുതൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാടിന് 15 ദിവസത്തേക്ക് 5000 ക്യുസെക് വീതം അധികജലം വിട്ടു നൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയതോടെ അധികജലം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. വെള്ളം വിട്ടു കൊടുത്താൽ കർണാടകയിലെ കർഷകരെ രൂക്ഷമായി ബാധിക്കുമെന്നാണ് കർഷക സംഘടനകൾ പറയുന്നത്.

സംസ്‌ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്‌നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ സുപ്രീം കോടതിയും കൈയൊഴിഞ്ഞതോടെയാണ് സമരം വീണ്ടും ശക്‌തമാകുന്നത്.

Most Read| ‘ഇന്ത്യയുമായുള്ള ബന്ധം തുടരാൻ പ്രതിജ്‌ഞാബന്ധം’; അയഞ്ഞു ട്രൂഡോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE