കാബൂള്‍: താലിബാന്‍ നേതാവ് അബ്‌ദുല്‍ സലാം ഹനഫിയും ചൈനീസ് അംബാസിഡര്‍ വാങ്‌യുവും തമ്മില്‍ ചര്‍ച്ച നടത്തിയതായി റിപ്പോർട്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് ചൈന ചര്‍ച്ച നടത്തുന്നത്. ചൈനീസ് വക്‌താവ് വാങ് വെന്‍ബിനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
എന്നാല്‍, ചര്‍ച്ച സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ചൈനീസ് പ്രതിനിധി തയ്യാറായില്ല. അഫ്‌ഗാനുമായി ഇനിയും സൗഹാര്‍ദ്ദപരമായ ബന്ധം സൂക്ഷിക്കാന്‍ ചൈന തയ്യാറാണെന്നും അഫ്‌ഗാന്റെ പുനര്‍നിര്‍മാണത്തിലും സമാധാനം പുനഃസ്‌ഥാപിക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചൈനീസ് വക്‌താവ് പ്രതികരിച്ചു.
അതേസമയം, താലിബാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈനിക മേധാവി ബിപിന്‍ റാവത്ത് രംഗത്തെത്തി. തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും പ്രവർത്തനം താലിബാന്റെ ഭാഗത്തുനിന്നുണ്ടായാൽ അതേനാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു.
ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് സൈന്യം പ്രയോഗിക്കുന്ന അതേരീതികള്‍ തന്നെയാവും താലിബാനെതിരെയും നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗസ്‌റ്റ് 15ന് താലിബാന്‍ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇന്ത്യയും യുഎസും എംബസികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. പാകിസ്‌ഥാന്‍, റഷ്യ ചൈന തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ അഫ്‌ഗാനില്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.
Read also: അഫ്ഗാന്‍ പൗരൻമാര്‍ക്ക് നല്‍കിയ വിസകൾ ഇന്ത്യ റദ്ദാക്കി; ഇനി ഇ-വിസ മാത്രം