തിരുവനന്തപുരം: കാലാവസ്‌ഥാ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിന് അടിയന്തിരമായി 300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രതിദിന ഓക്‌സിജൻ വിഹിതം 450 ടണ്ണായി ഉയർത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ദിവസേന 212.34 ടൺ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ കേരളത്തിന് ശേഷിയുണ്ട്. ഓക്‌സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിദിന ആവശ്യം 423.6 ടൺ വരെ ഉയരാമെന്നാണ് ശാസ്‌ത്രീയ അനുമാനം. കേരളത്തിലെ ആശുപത്രികളിൽ ഇപ്പോഴുള്ള ഓക്‌സിജൻ സ്‌റ്റോക്ക് 24 മണിക്കൂർ നേരത്തേക്ക് പോലും തികയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം അനിവാര്യമാണ്.
കാറ്റും മഴയും ഫില്ലിങ് സ്‌റ്റേഷനുകളിലേക്കും ഓക്‌സിജൻ പ്ളാന്റുകളിലേക്കുമുള്ള വൈദ്യുതി വിതരണം തടസപ്പെടുത്താൻ സാധ്യതകളുണ്ട്. ഓക്‌സിജൻ വിതരണത്തിന് ഭംഗമുണ്ടാകുന്ന രീതിയിൽ റോഡ് ഗതാഗതം തടസപ്പെട്ടേക്കാം.
ഓക്‌സിജൻ വിതരണത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ എംപവേഡ് ഗ്രൂപ്പിന്റെ എല്ലാ തീരുമാനങ്ങളും കേരളവും പാലിക്കുന്നുണ്ട്. കേരളത്തിന്റെ സ്‌ഥിതി മോശമായിട്ടും കേന്ദ്ര നിർദ്ദേശ പ്രകാരം മറ്റു സംസ്‌ഥാനങ്ങൾക്ക് മെഡിക്കൽ ഓക്‌സിജൻ നൽകി വരികയാണെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read also: മലപ്പുറത്ത് സ്‌ഥിതി രൂക്ഷം; ടിപിആർ സംസ്‌ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതൽ