പാലക്കാട്: അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് ഊരിൽ പഞ്ചായത്തിന്റെ മൂന്നേക്കറോളം സ്‌ഥലം സ്വകാര്യ വ്യക്‌തി കൈയ്യേറിയതായി പരാതി. പുതൂർ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി സ്‌ഥാപിച്ചിട്ടുള്ള വഴി ഉൾപ്പടെ അടച്ച നിലയിലാണ്. ഇതോടെ 35ലധികം കുടുംബങ്ങൾ അടിസ്‌ഥാന സൗകര്യം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കുടിവെള്ളം ശേഖരിക്കുന്നത് മുടങ്ങി. കൂടാതെ വീടുകളിൽ എത്താനുള്ള വഴിയും ഭാഗികമായി തടസപ്പെട്ടു.
പഞ്ചായത്തിന്റെ ഭൂമി സ്വകാര്യ വ്യക്‌തിക്ക് കൈവശം വെയ്‌ക്കാൻ ആരാണ് അധികാരം നൽകിയതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ വഴി കോൺക്രീറ്റ് ചെയ്യാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ, പണികൾ പൂർത്തിയാക്കാൻ അനുവദിക്കാതെ തടസം തുടരുകയാണ്. സ്വകാര്യ ഭൂമി ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി പുതൂർ പഞ്ചായത്ത് പണം കൊടുത്ത് വാങ്ങിയതാണ്.
തുടർന്നും സ്വകാര്യവ്യക്‌തി ഭൂമിയുടെ ഉടമസ്‌ഥതയിൽ അവകാശം ഉന്നയിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനെതിരെ പലതവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വില്ലേജ് ഓഫിസർക്കും സബ് കളക്‌ടർക്കും ഊര് നിവാസികൾ അപേക്ഷ നൽകിയിരിക്കുകയാണ്. സ്‌ഥലവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസുണ്ടെന്നും അത് കഴിയുന്നത് വരെ റോഡ് കോൺക്രീറ്റ് ചെയ്യാൻ അനുവദിക്കില്ലന്നുമാണ് സ്‌ഥലം ഉടമയുടെ നിലപാട്.
Most Read: ‘സിപിഎം സെല്ലുകളായി യൂണിവേഴ്‌സിറ്റികളെ മാറ്റുന്നു’; വിഡി സതീശന്‍