കൊച്ചി: ഹൈക്കോടതിയുടെ മുൻപിൽ അഭിഭാഷകരും മാദ്ധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിച്ച പിഎ മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട് മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാനുള്ള ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പില്‍ വരുത്തുമെന്ന് സർക്കാർ അറിയിച്ചു .
സംഘര്‍ഷവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ വിവിധ ഘട്ടങ്ങളില്‍ ആയതിനാല്‍ കമ്മീഷന്റെ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ പ്രത്യേക നിലപാട് സ്വീകരിക്കില്ല. ഇത് പരിശോധിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും നിയമവകുപ്പ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. കമ്മീഷന്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ച് 1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്‌ടിന് അനുസൃതമായി പുതിയ ചട്ടം രൂപീകരിക്കാനും തീരുമാനിച്ചു.
2016 ജൂലൈ 20നാണ് ഹൈക്കോടതിക്ക് മുൻപിൽ അഭിഭാഷകരും മാദ്ധ്യമ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. അഭിഭാഷകര്‍ക്കും ക്ളർക്കുമാർക്കും ഉള്‍പ്പെടെ പരിക്കേറ്റത് പോലീസ് ലാത്തിചാര്‍ജിന് ഇടയിലാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ലാത്തിചാര്‍ജ് നടന്നില്ലെന്ന പോലീസ് വാദം അവര്‍ക്ക് തെളിയിക്കാനായില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് നടത്താന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. പ്രശ്‌നങ്ങള്‍ തടയാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയിരുന്നില്ല. ഹൈക്കോടതി മീഡിയ റൂമിന് പുറത്ത് നടന്ന സംഭവങ്ങള്‍ പരിശോധിക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും റിപ്പോര്‍ട് പറയുന്നു.
Read Also: കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം; ഹരജികൾ ഹൈക്കോടതി തള്ളി