ന്യൂഡെൽഹി: കർണാടകയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി. അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി കോലാറിലെത്തിയ രാഹുൽ, പ്രധാനമന്ത്രിക്ക് എതിരെയും അദാനിക്കുമെതിരെയും രൂക്ഷ വിമർശനമാണ് നടത്തിയത്. കോൺഗ്രസ് പാവങ്ങൾക്കായി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി അദാനിക്കുവേണ്ടിയും പ്രവർത്തിക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. ‘ജയ് ഭാരത്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
പാവപ്പെട്ടവരുടെ പണം അദാനിക്കായി മോദി തീറെഴുതുകയാണ്. പ്രധാനമന്ത്രി ഏത് രാജ്യത്ത് പോയാലും അദാനിക്ക് അവിടെ പദ്ധതികൾ കിട്ടും. 40 ശതമാനം കമ്മീഷൻ വാങ്ങിയതാണ് കർണാടകയിൽ ബിജെപി ചെയ്‌തത്. ബിജെപി ഭരണത്തിൽ നടന്നത് കുംഭകോണങ്ങൾ മാത്രമാണെന്നും രാഹുൽ വിമർശിച്ചു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ നാല് വാഗ്‌ദാനങ്ങൾ തരുമെന്നും രാഹുൽ ഗാന്ധി വ്യക്‌തമാക്കി.
ഗൃഹലക്ഷ്‍മി, അന്നഭാഗ്യ, യുവനിധി ഇവയെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പിലാക്കും. മോദി ആയിരക്കണക്കിന് കോടി അദാനിക്ക് കൊടുക്കുമ്പോൾ ഞങ്ങൾ പാവപ്പെട്ടവർക്ക് ആ പണം നൽകുന്നു. അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപിക്കപ്പെട്ട 20,000 കോടി രൂപ ആരുടേതാണ്? ബിജെപി മന്ത്രിമാർ പാർലമെന്റ് തടസപ്പെടുത്തി എന്നെപ്പറ്റി നുണ പറഞ്ഞു. എനിക്ക് മറുപടി പറയാൻ ഉണ്ടെന്ന് പലതവണ ഞാൻ സ്‍പീക്കർക്ക് കത്ത് എഴുതി. സംസാരിക്കാൻ അനുമതി കിട്ടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Most Read: അരിക്കൊമ്പൻ ദൗത്യത്തിനെത്തിച്ച കുങ്കിയാനകളുടെ താവളം മാറ്റി