ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വളരെ മോശം അവസ്‌ഥയിലേക്ക് നീങ്ങുകയാണെന്ന് സംസ്‌ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രലായം. ചില സംസ്‌ഥാനങ്ങളിലെ സ്‌ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് ആരോഗ്യസെക്രട്ടറി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
രാജ്യത്തെല്ലായിടത്തും കോവിഡ് സാഹചര്യം രൂക്ഷമാകാനുള്ള സാധ്യത തള്ളരുതെന്ന് ആരോഗ്യകാര്യങ്ങളുടെ ചുമതല വഹിക്കുന്ന നീതി ആയോഗ് അംഗം വികെ പോൾ പറഞ്ഞു. ‘ഒരു സംസ്‌ഥാനവും അലംഭാവം കാണിക്കരുത്. രോഗവ്യാപനം തടയാനും ജീവൻ സംരക്ഷിക്കാനുംവേണ്ട മുൻകരുതൽ എല്ലാവരും കൈക്കൊള്ളണം. ആശുപത്രികളും ഐസിയുകളും സജ്ജമാക്കണം. രോഗം പെട്ടെന്ന് കൂടിയാൽ ആരോഗ്യ സംവിധാനത്തിന് അത് താങ്ങാനാവില്ല’; അദ്ദേഹം വ്യക്‌തമാക്കി.
ചൊവ്വാഴ്‌ച രാവിലെയവസാനിച്ച 24 മണിക്കൂറിനിടെ 56,211 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഇതിന്റെ 78.56 ശതമാനവും.
കോവിഡ് രോഗികൾ കൂടുതലുള്ള പത്തു ജില്ലകൾ ഇവയാണ്: പുണെ (59,475), മുംബൈ (46,248), നാഗ്‌പൂർ (45,322), താനെ (35,264), നാസിക് (26,553), ഔറംഗാബാദ് (21,282), ബെംഗളൂരു അർബൺ (16,259), നാംദേഡ് (15,171), ഡെൽഹി (8,032), അഹമ്മദ് നഗർ (7,952) എന്നിവയാണിത്. (ഡെൽഹിയെ ഒരു ജില്ലയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്).
അതേസമയം രോഗവ്യാപനം കൂടുതലുള്ള 47 ജില്ലകളിലെ അധികൃതരുമായി ബന്ധപ്പെട്ട് ആർടിപിസിആർ പരിശോധനയുടെ എണ്ണം കൂട്ടാൻ അടക്കമുള്ള നിർദേശങ്ങൾ കേന്ദ്രം നൽകിയിട്ടുണ്ടെന്ന് വികെ പോൾ പറഞ്ഞു. പുതിയ ക്ളസ്‌റ്ററുകൾ രൂപപ്പെടുന്നിടത്ത് പ്രത്യേകിച്ച് കൂടുതൽ പരിശോധന നടത്തണമെന്നും പോസിറ്റീവ് ആകുന്നവരെ മുൻപ് ചെയ്‌തതുപോലെ വീടുകളിൽ നിരീക്ഷിക്കുന്നതിനു പകരം സർക്കാർ സംവിധാനത്തിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. മാത്രവുമല്ല പോസിറ്റീവ് ആകുന്നവർ വീടുകളിൽതന്നെ കഴിയുന്നുണ്ടോ പുറത്തു പോകുന്നുണ്ടോ എന്നൊന്നും ഉറപ്പില്ലെന്നും അദ്ദേഹം അറിയിച്ചു.
Read Also: ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ്; ഹൈക്കോടതി ഇന്ന് വാദം കേൾക്കും