രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍; ചരിത്ര നേട്ടവുമായി റൊണാള്‍ഡോ മുന്നോട്ട്

By Staff Reporter, Malabar News
sports image_malabar news
Cristiano Ronaldo
Ajwa Travels

കോപ്പന്‍ഹേഗന്‍: രാജ്യാന്തര ഫുട്ബോളില്‍ അപൂര്‍വ്വ നേട്ടവുമായി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോള്‍ വേട്ടയില്‍ സെഞ്ച്വറി തികച്ച് തന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി നേടിയിരിക്കുകയാണ് റോണോ. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെയും യൂറോപ്പിലെ ആദ്യത്തെയും താരമായി അദ്ദേഹം. യുവേഫ നാഷന്‍സ് ലീഗ് ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു റൊണാള്‍ഡോയുടെ ചരിത്രനേട്ടം.

109 ഗോളുകള്‍ നേടിയ അലി ഡെയ് എന്ന ഇറാനിയന്‍ ഫുട്‌ബോള്‍ താരത്തിന് ശേഷം ഇതാദ്യമായാണ് ഒരാള്‍ രാജ്യാന്തര മത്സരത്തില്‍ 100 ഗോളുകള്‍ തികക്കുന്നത്. നിലവില്‍ 101 ഗോളുകള്‍ നേടിയ താരത്തിന് ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ അധിക നാള്‍ വേണ്ടിവരുമെന്ന് തോന്നുന്നില്ല. മത്സരത്തിന്റെ 45ാം മിനിറ്റിലാണ് തന്റെ നൂറാം അന്താരാഷ്ട്ര ഗോള്‍ റൊണാള്‍ഡോ നേടിയത്. എതിരില്ലാത്ത രണ്ട് ഗോളിന് മത്സരത്തില്‍ സ്വീഡനെ പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ട് ഗോളുകള്‍ പിറന്നതും റൊണാള്‍ഡോയുടെ കാലുകളില്‍ നിന്ന്. തന്റെ രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ആദ്യ യൂറോപ്യന്‍ കളിക്കാരനെന്ന നേട്ടവും ഇനി ഈ 35 കാരനായ സൂപ്പര്‍ താരത്തിന് സ്വന്തം. 165 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോയുടെ ഈ ഉജ്ജ്വല നേട്ടം.

ബോക്സിനു പുറത്തു നിന്നുള്ള തകര്‍പ്പന്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു റോണോ തന്റെ നൂറാം ഗോള്‍ കണ്ടെത്തിയത്. ഫ്രീ കിക്കില്‍ നിന്ന് റോണോ തന്റെ കരിയറില്‍ നേടിയ 57ാമത്തെയും ദേശീയ ടീമിനായുള്ള പത്താമത്തേയും ഗോള്‍ കൂടിയാണിത്. 2004ലെ യുവേഫ യൂറോ ഫൈനലില്‍ ആണ് പോര്‍ച്ചുഗലിനായി റൊണാള്‍ഡോ തന്റെ ആദ്യ ഗോള്‍ നേടിയത്. 16 വര്‍ഷങ്ങള്‍ക്കിപ്പുറം യൂസിബിയോ, പോളേറ്റ തുടങ്ങിയ മഹാരഥന്മാരെ മറികടന്ന് പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായി മാറി അദ്ദേഹം.

ഇതുവരെയായി 17 ഗോളാണ് രാജ്യാന്തര സൗഹൃദ മത്സരങ്ങളില്‍ നിന്നായി റൊണാള്‍ഡോ നേടിയത്. ലിത്വാനിയക്കെതിരെ ഏഴും സ്വീഡനെതിരേ ആറും അന്‍ഡോറ, അര്‍മേനിയ, ലാത്വിയ, ലക്‌സംബര്‍ഗ് ടീമുകള്‍ക്കെതിരെ അഞ്ച് വീതവും ഗോളുകള്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് നേടി. കൂടാതെ ആറ് രാജ്യാന്തര ഹാട്രിക്കുകള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ ഫിഫ ലോകകപ്പില്‍ ഏഴ് ഗോളുകളും യുവേഫ യൂറോയില്‍ ഒമ്പത് ഗോളുകളും നേടിയിട്ടുണ്ട്.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ ഈ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് താരം നിലവില്‍ ഫുട്‌ബോള്‍ രംഗത്തുള്ള താരങ്ങളെ ഗോളുകളുടെ എണ്ണത്തില്‍ ബഹുദൂരം പിന്നിലാക്കിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 72 ഗോളുമായി ഇന്ത്യയുടെ സുനില്‍ ഛേത്രിയും 70 ഗോളുമായി അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമാണ് റോണോക്ക് പിന്നിലായി ഉള്ളത്. അതേസമയം വനിതകളുടെ ഫുട്‌ബോളില്‍ 17 താരങ്ങള്‍ 100 രാജ്യാന്തര ഗോള്‍ നേടിയിട്ടുണ്ട്. കാനഡയുടെ ക്രിസ്റ്റിന്‍ സിന്‍ക്ലെയര്‍ 186 ഗോളുകളും മുന്‍ അമേരിക്കന്‍ താരം ആബി വാമ്പാച്ച 184 ഗോളും കരസ്ഥമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE