വാഷിങ്ടൺ: ഫുട്‍ബോൾ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് എതിരായ പീഡനക്കേസ് റദ്ദാക്കാൻ ശുപാർശ ചെയ്‌ത് യുഎസ് ജഡ്‌ജ്. 2009ൽ ലാസ് വെഗാസ് ഹോട്ടൽ മുറിയിൽ വെച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മുൻ മോഡൽ കാതറിൻ മയോർഗയുടെ പരാതിയിലായിരുന്നു കേസ്.
എന്നാൽ, തനിക്കെതിരായ ആരോപണങ്ങളെല്ലാം റൊണാൾഡോ ശക്‌തമായി നിഷേധിക്കുകയാണ് ഉണ്ടായത്. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു കാതറിനുമായി ഉണ്ടായിരുന്നതെന്നാണ് റൊണാൾഡോ പറയുന്നത്. രണ്ട് വർഷം മുൻപാണ് റൊണാൾഡോയ്‌ക്ക് എതിരെ ക്രിമിനൽ കേസ് ചുമത്തിയത്. ശിക്ഷിക്കപ്പെടാനുള്ള സാധ്യതയില്ലെന്ന് പ്രോസിക്യൂട്ടർമാർ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
എന്നാൽ, നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കാതറിൻ രംഗത്തെത്തി. തനിക്കുണ്ടായ വേദനക്ക് പകരമായി 579 കോടി രൂപയാണ് കാതറിൻ നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത്. 2008 മുതൽ റൊണാൾഡോയുമായി പ്രണയത്തിൽ ആയിരുന്നുവെന്നും വിവാഹ വാഗ്‌ദാനം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നും കാതറിന്റെ പരാതിയിൽ പറയുന്നു.
യുഎസ് മജിസ്‌ട്രേറ്റ് ജഡ്‌ജ് ഡാനിയൽ ആൽബ്രെഗ്‌റ്റ്‌സ് ബുധനാഴ്‌ചയാണ് ശുപാർശ സമർപ്പിച്ചത്. കേസ് റദ്ദാക്കണമെന്ന റൊണാൾഡോയുടെ ആവശ്യം പരിഗണിക്കണമെന്ന് ജഡ്‌ജിയുടെ ശുപാർശയിൽ പറയുന്നു. റൊണാൾഡോയുടെ അഭിഭാഷകൻ പീറ്റർ ക്രിസ്‌റ്റ്യൻസെൻ ശുപാർശയെ സ്വാഗതം ചെയ്‌തു. എന്നാൽ, കാതറിൻ മയോർഗയുടെ അഭിഭാഷകർ ഇത് സംബന്ധിച്ച് പ്രതികരണം അറിയിച്ചിട്ടില്ല.
Also Read: കർഷകർക്ക് ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റി ബിജെപി എംപി