എറണാകുളം: ഡോക്‌ടർക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ എടത്തല പോലീസിന് വീഴ്‌ച ഉണ്ടായതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. അടിയന്തര റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്.
ഡോക്‌ടർക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിന് വീഴ്‌ച പറ്റിയിട്ടുണ്ടെന്ന് ആരോപിച്ച മനുഷ്യാവകാശ കമ്മീഷൻ അറസ്‌റ്റ് വൈകുന്നതെന്തെന്ന് അന്വേഷിക്കാനും ആവശ്യപ്പെട്ടു.
ഇതിനിടെ ഡോക്‌ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന പ്രസ്‌താവന തിരുത്തി ആരോഗ്യമന്ത്രി രംഗത്തെത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഡോക്‌ടര്‍മാര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന രേഖാമൂലമുള്ള മറുപടി നല്‍കിയത്. അതിക്രമം തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്‌തമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ നിയമസഭയില്‍ നല്‍കിയ ഉത്തരം സാങ്കേതിക പിഴവായിരുന്നുവെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ കെജിഎംഒ അടക്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദീകരണം. പുതിയ ഉത്തരം നല്‍കണമെന്ന് സ്‌പീക്കറോട് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി അറിയിച്ചു.
Most Read: ഓണാഘോഷം പരമാവധി ചുരുക്കണം; നിർദ്ദേശങ്ങളുമായി പോലീസ് മേധാവി