തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാനയുടെ മരണത്തിൽ സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്‌ടർ, ജില്ലാ കളക്‌ടർ, കമ്മീഷണർ എന്നിവരോട് കമ്മീഷൻ റിപ്പോർട് തേടി. ഈ മാസം 14ന് നേരിട്ട് ഹാജരായി റിപ്പോർട് നൽകാനാണ് മൂവരോടും നിർദ്ദേശിച്ചിരിക്കുന്നത്.
സ്‌ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്‌ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്‌ടർ പിൻമാറിയതാണ് ഷഹാനയുടെ ആത്‍മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വൻ തുക സ്‌ത്രീധനമായി ആവശ്യപ്പെട്ടതാണ് മരണകാരണമെന്നാണ് മെഡിക്കൽ കോളേജ് പോലീസിനോടും വനിതാ കമ്മീഷനോടും ബന്ധുക്കൾ പറഞ്ഞത്. ഷഹാനയുടെ സുഹൃത്തായ ഡോക്‌ടറെ അടക്കം ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
സങ്കടങ്ങളെല്ലാം ആത്‍മഹത്യാ കുറിപ്പിൽ എഴുതിയാണ് ഷഹാന ആത്‍മഹത്യ ചെയ്‌തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷഹാന. കഴിഞ്ഞ ദിവസമാണ് ഷഹാനയെ അനസ്‌തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ചു മരിച്ച നിലയിൽ ഫ്ളാറ്റിൽ കണ്ടെത്തിയത്. സുഹൃത്തും പിജി ഡോക്‌ടർമാരുടെ സംഘടനാ പ്രതിനിധിയുമായ ഡോക്‌ടറുമായി ഷഹാന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വിവാഹം വീട്ടുകാർ പറഞ്ഞു ഉറപ്പിച്ചതായിരുന്നു.
ഇതിനിടെ വരന്റെ വീട്ടുകാർ വൻതുക സ്‌ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷഹാനയുടെ ബന്ധുക്കൾ പറയുന്നത്. താങ്ങാവുന്നതിലും അപ്പുറമുള്ള തുകയായതിനാൽ വിവാഹം മുടങ്ങി. വരൻ വിവാഹത്തിൽ നിന്ന് പിൻമാറി. ഇത് ഷഹാനയെ മാനസികമായി തകർത്തിരുന്നുവെന്നാണ് വിവരം. ആത്‍മഹത്യാ കുറിപ്പിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സ്ത്രീധനമാണ് ആത്‍മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തെ കുറിച്ച് ശിശുവികസന വകുപ്പ് ഡയറക്‌ടറോട് അന്വേഷിച്ചു റിപ്പോർട് നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വെഞ്ഞാറമൂട് സ്വദേശിയായ ഷഹാന മെറിറ്റ് സീറ്റിലാണ് എംബിബിഎസ് പ്രവേശനം നേടിയത്. വിദേശത്തായിരുന്ന പിതാവ് മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതോടെയാണ് കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്.
അതിനിടെ, ഷഹാനയുടെ മരണത്തിൽ ആരോപണ വിധേയനായ ഭാരവാഹിയെ സ്‌ഥാനത്ത് നിന്ന് നീക്കിയിരിക്കുകയാണ് പിജി ഡോക്‌ടർമാരുടെ സംഘടന. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന് കെഎംപിജിഎ അറിയിച്ചു. സ്‌ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിൻമയാണെന്നും സംഘടനാ വ്യക്‌തമാക്കി.
Most Read| ലോകത്തിലെ ഏറ്റവും ശക്‌തയായ വനിത; ഫോബ്‌സ് പട്ടികയിൽ വീണ്ടും നിർമല സീതാരാമൻ