ചികിൽസക്കായുള്ള കാത്തിരിപ്പ് നീളില്ല; ഇ സഞ്‌ജീവനി വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഇ സഞ്‌ജീവനി ഡോക്‌ടർ ടു ഡോക്‌ടർ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്‌ടർ ടു ഡോക്‌ടർ സേവനം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഈ ജില്ലയില്‍ മാത്രമായി 200ല്‍ അധികം രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഴിഞ്ഞു. ഈ പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് പത്തനംതിട്ട, എറണാകുളം, മലപ്പുറം, ആലപ്പുഴ, കാസര്‍ഗോഡ്, കോട്ടയം തുടങ്ങിയ ആറ് ജില്ലകളില്‍ കൂടി വ്യാപിപ്പിച്ചിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എന്‍സിഡി ക്ളിനിക്കുകളിലും എത്തുന്ന രോഗികള്‍ക്ക് വിദഗ്‌ധ ചികിൽസയ്‌ക്ക് ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പോകാതെ ഈ കേന്ദ്രങ്ങളില്‍ ഇരുന്നുകൊണ്ട് തന്നെ സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടർമാരുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കും. അതുവഴി മെഡിക്കല്‍ കോളേജുകളിലെയും ജില്ലാ ആശുപത്രികളിലെയും തിരക്കുകള്‍ കുറക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

ഇ സഞ്‌ജീവനി ഡോക്‌ടർ ടു ഡോക്‌ടർ ടെലി മെഡിസിന്‍ സേവനം ഒരു ഹബ് ആന്‍ഡ് സ്‌പോക് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്. ഹബ് എന്നത് മെഡിക്കല്‍ കോളേജുകളിലെയും, ജില്ലാ ആശുപത്രികളിലെയും എല്ലാ സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടർമാരും അടങ്ങിയ ഒരു പൂളാണ്. സ്‌പോക് എന്നത് താലൂക്ക് ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ ഉപകേന്ദ്രം എന്നിവയാണ്. സ്‌പോക്കില്‍ വരുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്കും, ജില്ലാ ആശുപത്രികളിലേക്കും റെഫര്‍ ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സ്‌പോക് ആശുപത്രിയില്‍ ഇരുന്ന് കൊണ്ട് തന്നെ മെഡിക്കല്‍ കോളേജുകളിലേയും ജില്ലാ ആശുപത്രികളിലേയും സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടർമാരുടെ സേവനം ഉറപ്പാക്കാന്‍ സാധിക്കും.

ഇതുകൂടാതെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡമാരായ നഴ്‌സുമാര്‍ എന്നിവര്‍ മുഖാന്തിരവും സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടർമാരുടെ സേവനം തേടാവുന്നതാണ്. അടിയന്തര റഫറല്‍ ആവശ്യമില്ലാത്ത രോഗികളെ വിവിധ സ്‌പോക്കുകളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങളനുസരിച്ചാണ് ഹബ്ബുകളിലെ വിദഗ്‌ധ ഡോക്‌ടർമാര്‍ ഇ സഞ്‌ജീവനി വഴി പരിശോധിക്കുന്നത്. സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടർമാരുമായി കണ്‍സള്‍ട്ട് ചെയ്യാനുള്ള സംവിധാനം ഇ സഞ്‌ജീവനി വഴി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന കുറിപ്പടിയിലൂടെ സര്‍ക്കാര്‍ ആശുപത്രി വഴി സൗജന്യമായി മരുന്നുകളും പരിശോധനകളും ലഭിക്കുന്നു.

കോവിഡ് മഹാമാരി കാലത്ത് ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കി ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാനാണ് ഇ സഞ്‌ജീവനി നടപ്പിലാക്കിയത്. ഇതുവരെ 3 ലക്ഷത്തിലധികം പേര്‍ക്കാണ് ഇ സഞ്‌ജീവനി വഴി ചികിൽസ നല്‍കിയത്. 4700ലധികം ഡോക്‌ടർമാരുടെ സേവനമാണ് ലഭ്യമാക്കിയത്. സംസ്‌ഥാനത്തൊട്ടാകെ പ്രതിദിനം ശരാശരി 300 മുതല്‍ 600 ആളുകളാണ് ഇ സഞ്‌ജീവനി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.

Also Read: കെ-റെയിൽ പദ്ധതി അശാസ്‌ത്രീയമെന്ന് ആവർത്തിച്ച് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE