ഫേസ്ബുക്ക് – ബിജെപി ബന്ധം; വൈസ് പ്രസിഡണ്ടിനെ വിളിച്ചുവരുത്തുന്നു

By Desk Reporter, Malabar News
Narendra Modi_Mark Zuckerberg
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: ബിജെപി നേതാവിന്റെ വിദ്വേഷ പോസ്റ്റില്‍ വിശദീകരണം തേടി ഫേസ്ബുക്ക് ഇന്ത്യാ മാനേജിംഗ് ഡയറക്റ്ററും വൈസ് പ്രസിഡണ്ടുമായ അജിത് മോഹനെ ഡെല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ ഉന്നത പദവിയിലിരിക്കുന്ന നാല് വ്യക്തികള്‍ക്ക് കൃത്യമായ ബിജെപി ബന്ധം ഉണ്ടെന്ന് ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി റിപോര്‍ട്ട് അടിവരയിട്ടതിന് ശേഷമുള്ള വിളിച്ചു വരുത്തലാണിത്. വിശദീകരണം നല്‍കാന്‍ നേരിട്ട് ഹാജരാകാനുള്ള നോട്ടിസ് ഡെല്‍ഹി നിയമസഭാ സമിതി നല്‍കിക്കഴിഞ്ഞു. സെപ്തംബര്‍15 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് അനുസരിച്ച്, ഡല്‍ഹി നിയമസഭയിലെ എം.എല്‍.എ ‘ലോഞ്ചില്‍’ ഈമാസം 15-ന് ഉച്ചക്ക് 12-ന് അജിത് മോഹന്‍ ഹാജരാകണം.

Related News: ഫേസ്ബുക്ക് വിദ്വേഷത്തിൽ നിന്ന് ലാഭം കൊയ്യുന്നു

ഫേസ്ബുക്ക് ഇന്ത്യയും ബിജെപിയും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്തയോടും ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകനായ നിഖില്‍ പഹ്വയോടും അന്നേ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക വ്യപകമായുള്ള പ്രതിഷേധ ഫലമായി, വിദ്വേഷ പ്രചാരണവും കലാപത്തിലേക്ക് നയിക്കുന്ന പ്രസ്‌താവനകളും വിലക്കുമെന്ന് ഫേസ്ബുക് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയിലെ ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ പോസ്റ്റുകള്‍ക്ക് എതിരെ നടപടികള്‍ എടുക്കാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നത് നിത്യ സംഭവമാണ്. “ഭിന്നിപ്പുണ്ടാക്കി ഭരിക്കാന്‍ ആവശ്യമായ വൈകാരിക വിദ്വേഷ പ്രചാരണണങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ നടത്തുമ്പോള്‍ ഫേസ്ബുക് അത് കണ്ടില്ലെന്ന് നടിക്കുന്നത് സ്ഥിരമാണ്. അവരെ അറിയിച്ചാലും അത് നീക്കം ചെയ്യാന്‍ കാല താമസം വരുത്തുന്നുണ്ട്”. യുപിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തെളിവ് സഹിതം വിശദീകരിച്ചു.

ഫേസ്ബുക്കിലൂടെ നാം വായിക്കുന്ന വിദ്വേഷ പ്രചാരണങ്ങളിലെ കൂടുതലും സംഘപരിവാര്‍ നേതാക്കളില്‍ നിന്നോ അനുയായികളില്‍ നിന്നോ ആയിരിക്കും. തൊട്ടടുത്ത് മുസ്ലിം തീവ്ര സംഘടനകളും അവരുടെ അനുയായികള്‍ നടത്തുന്നതുമായ വിദ്വേഷ പ്രചാരണങ്ങളും നമുക്ക് കാണാം. ഇത് ഇന്ത്യയെ വലിയ അപകടത്തിലേക്ക് നയിക്കും; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക പ്രശസ്‌ത മാദ്ധ്യമമായ ‘വാള്‍സ്ട്രീറ്റ് ജേര്‍ണല്‍’ ബിജെപി-ഫേസ്ബുക് അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ച് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഈ സെപ്തംബര്‍ 2 ന് ഫേസ്ബുക്ക് പ്രതിനിധികളെ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി വിവരസാങ്കേതിക സ്റ്റാന്‍ഡിങ് കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഫേസ്ബുക്ക് പലതവണ നിഷേധിക്കുകയാണ് ചെയ്‌തത്‌ എന്നാണ് അറിയാന്‍ കഴിയുന്നത്. മറ്റു വിവരങ്ങള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി പുറത്ത് വിട്ടിട്ടില്ല.

Related News: ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE