തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ വിവാദം കത്തുന്നു. ജയരാജന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ പരിശോധിക്കും. നാളെയും മറ്റന്നാളുമാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. മുൻകൂട്ടി നിശ്‌ചയിച്ച യോഗമായതിനാൽ ജയരാജൻ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല.
എന്നാൽ, കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെയുള്ള പരാതികളിൽ പിബിയാണ് നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ വിഷയം പരിശോധനക്ക് എടുക്കാൻ തന്നെയാണ് സാധ്യത. അംഗങ്ങളോട് തലസ്‌ഥാനത്ത് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പി ജയരാജൻ രേഖാമൂലം പരാതി നൽകേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം.
സംസ്‌ഥാന സമിതിയിൽ ഉന്നയിച്ച ആരോപണം ഗൗരവമുള്ള വിഷയമായി കണക്കിലെടുത്താണ് പരിഗണിക്കുന്നത്. പി ജയരാജൻ രേഖാമൂലം പരാതി നൽകിയില്ലെങ്കിലും പാർട്ടി അന്വേഷണ കമ്മീഷനെ വെയ്‌ക്കാനാണ് സാധ്യത. പി ജയരാജനോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ട എംവി ഗോവിന്ദൻ പരസ്യ പ്രസ്‌താവനക്ക് തയ്യാറാവാത്തത് പാർട്ടിയിലെ വിഭാഗീയത ഒഴിവാക്കാനാണെന്നാണ് വിവരം.
കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമിക്കുന്ന റിസോർട്ടിന് പിന്നിൽ ഇപി ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി ജയരാജൻ ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജനും ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നാണ് ആരോപണം. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും പി ജയരാജൻ പറഞ്ഞിരുന്നു.
എന്നാൽ, വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു പി ജയരാജൻ പ്രതികരിച്ചത്. അതിനിടെ, ആരോപണം നിഷേധിച്ചു ഇപി ജയരാജൻ രംഗത്തെത്തുകയും ചെയ്‌തു. കണ്ണൂർ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.
തലശേരി സ്വദേശി കെപി രമേശ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ, ഈ വാദങ്ങൾ പൊളിയുന്ന വിധത്തിലുള്ള രേഖകൾ പിന്നീട് പുറത്തുവന്നിരുന്നു. ഇപി ജയരാജന്റെ മകൻ ജെയ്‌സൺ റിസോർട്ടിന്റെ സ്‌ഥാപക ഡയറക്‌ടർ ആണെന്നു തെളിയിക്കുന്ന കമ്പനി രജിസ്‌ട്രേഷൻ രേഖകളാണ് പുറത്തുവന്നത്. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങൾ ആണ് പുറത്തുവന്നത്.
ഇപിയുടെ മകൻ പികെ ജെയ്‌സൺ വ്യവസായി കെപി രമേശ് കുമാർ എന്നിവർ ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്‌തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. 2014ൽ രജിസ്‌റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്‌ടർമാരായിരുന്നത്. റിസോർട്ടിന്റെ ഡയറക്‌ടർ ബോർഡിൽ ജയരാജന്റെ ഭാര്യ ഇന്ദിര അംഗമായത് 2021ൽ ആണ്. ഇതുൾപ്പെടുന്ന കമ്പനികാര്യ മന്ത്രാലയത്തിന് സമർപ്പിച്ച രേഖകളാണ് പുറത്തുവന്നത്.
കോടിയേരി ബാലകൃഷ്‌ണന്റെ മരണശേഷം പാർട്ടി സംസ്‌ഥാന സെക്രട്ടറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയിരുന്നു. എംവി ഗോവിന്ദൻ തന്നെക്കാൾ ജൂനിയർ ആണെന്നും അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞിരുന്നതായാണ് വിവരം. ഇത് പിണറായി വിജയനടക്കമുള്ള നേതാക്കളെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് നേരത്തെ തന്നെ പല നേതാക്കൾക്കും അറിയാമായിരുന്ന റിസോർട്ട് വിഷയം തെറ്റ് തിരുത്തൽരേഖാ ചർച്ചയുടെ ഭാഗമായി ഉയർന്നു വന്നത്. അതേസമയം, വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാകും.
Most Read: സംസ്‌ഥാനത്തെ വിഎച്ച്‌എസ്‌ഇ സ്‌കൂളുകളിൽ ഇനി മുതൽ ശനിയാഴ്‌ച അവധി