ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നീളുന്നു. തുല്യശക്‌തരായ മൂന്നുപേർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ പ്രതിസന്ധിയിലാണ്. ഹൈക്കമാൻഡ് തലത്തിൽ ഇന്നലെ ചർച്ചകളൊന്നും നടന്നില്ല.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കർണാടകയിൽ തുടരുന്നതിനാണ് തീരുമാനം വൈകുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്‌ഞയ്‌ക്കായി ചെന്നൈയിലേക്കും പോയിരുന്നു. ഖർഗെ ഇന്ന് വൈകീട്ടോ നാളെ രാവിലെയോ തിരിച്ചെത്തിയ ശേഷമേ ചർച്ച പുനരാരംഭിക്കൂ.
മുതിർന്ന നേതാക്കളായ കെസി. വേണുഗോപാൽ, വിഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രി സ്‌ഥാനത്തിനായി ഉറച്ചുനിൽക്കുന്നത് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണ കെസി. വേണുഗോപാലിനാണെങ്കിലും സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം പരിഗണിച്ച് വിഡി. സതീശനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ഉള്ളത്.
മുൻ മുഖ്യമന്ത്രി എകെ. ആന്റണി അടക്കം മുതിർന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും ശേഖരിക്കും. എഐസിസി ജനറൽ സെക്രട്ടറിയും കേരളത്തിൽ നിന്നുള്ള എംപിയുമായ പ്രിയങ്ക ഗാന്ധി ഇതുവരെ ചർച്ചകളിൽ ഔദ്യോഗികമായി പങ്കെടുത്തിട്ടില്ല. പ്രിയങ്കയുടെ പിന്തുണയും തീരുമാനത്തെ സ്വാധീനിക്കും. ഘടകകക്ഷികൾ പ്രിയങ്കയെ നിലപാട് അറിയിച്ചിരുന്നു.
ഘടകകക്ഷികളുമായി ഹൈക്കമാൻഡ് തല ചർച്ച ഇനി ഉണ്ടാകില്ലെങ്കിലും മുതിർന്ന നേതാക്കളുമായി സംസാരിക്കുമ്പോൾ, ഘടകകഷികളുടെ നിലപാടിനോടുള്ള പ്രതികരണവും ചോദിച്ചേക്കും. ഈ കടമ്പകളെല്ലാം പൂർത്തിയാക്കിയ ശേഷം രാഹുലും ഖർഗെയും പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയുടെ അഭിപ്രായം തേടും. ഇതാകും തീരുമാനത്തിൽ ഏറ്റവും പ്രധാനം.
ഹൈക്കമാൻഡ് നിർദ്ദേശിച്ച പല ഒത്തുതീർപ്പ് ഫോർമുലകളും നിലവിൽ ഫലം കണ്ടിട്ടില്ലെന്നാണ് വിവരം. കെസി. വേണുഗോപാൽ മുഖ്യമന്ത്രിയാവുകയും മറ്റുള്ളവർക്ക് പ്രധാന വകുപ്പുകൾ നൽകുകയും ചെയ്യുക എന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്ളാൻ. എന്നാൽ, വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിൽ വിഡി. സതീശനെ പിന്തുണയ്‌ക്കുന്ന ഘടകകക്ഷികൾ എന്ത് നിലപാടെടുക്കും എന്നത് കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികൾക്കിടയിലും കടുത്ത അതൃപ്‌തി നിലനിൽക്കുന്നുണ്ട്. 15ആം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്തേണ്ടത് അനിവാര്യമാണ്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































