എറണാകുളം: കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ ആരംഭിക്കും. 26 മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. മെട്രോ യാത്രാ നിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു. വാട്ടർ മെട്രോ സർവീസ് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ടാകും. ചൊവ്വാഴ്‌ച പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും.
ഉൽഘാടനത്തോട് അനുബന്ധിച്ചു പ്രതിവാര പാസുകളിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്‌ച രാവിലെ ഏഴ് മണിക്കാണ് ആദ്യ സർവീസ്. ഹൈക്കോടതി വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്. 30 രൂപയാണ് ഈ റൂട്ടിൽ നിരക്ക്. കുറഞ്ഞ യാത്രാ നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയും. ഏഴ് അത്യാധുനിക ഹൈബ്രിഡ് ബോട്ടുകളാണ് സർവീസിന് തയ്യാറായിരിക്കുന്നത്.
ഒടുവിൽ ലഭിച്ച രണ്ടു ബോട്ടുകളുടെ അവസാനവട്ട പരിശോധന പുരോഗമിക്കുകയാണ്. നൂറുപേർക്ക് സഞ്ചരിക്കാവുന്നതാണ് ഓരോ ബോട്ടും. കൊച്ചി കായലിലെ ഒമ്പത് ദ്വീപുകൾ അടക്കം നഗരവുമായി ബന്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. 1136 കോടിയാണ് ചിലവ്.
Most Read: മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി പട്‌ന ഹൈക്കോടതിയെ സമീപിച്ചു