കോഴിക്കോട്: ജില്ലയിൽ പട്ടാപ്പകൽ വിദ്യാർഥിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ പ്ളസ് വൺ വിദ്യാർഥിക്ക് നേരെയാണ് യുവാവിന്റെ ലൈംഗികാതിക്രമം നടന്നത്. തുടർന്ന് വിദ്യാർഥി തന്നെ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പാളയം സ്വദേശിയായ ബിജുവിനെ (30) കസബ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. രാവിലെ ട്യൂഷൻ കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോൾ പുറകെ എത്തിയ ബിജു വിദ്യാർഥിയെ കടന്നു പിടിക്കുകയായിരുന്നു. പിന്നാലെ ഇയാൾ കുതറിയോടി മറ്റൊരു പെൺകുട്ടിയെയും ശല്യപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി തെന്നെ ഇയാളെ പിന്തുടർന്ന് ഷർട്ടിൽ പിടിച്ചു വീഴ്‌ത്തുകയായിരുന്നു.
ഇതോടെ നാട്ടുകാർ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്‌തു. തുടർന്ന് പിങ്ക് പോലീസ് എത്തിയാണ് ബിജുവിനെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാൾ മനസികാസ്വാസ്‌ഥ്യം ഉള്ളതുപോലെ പെരുമാറുന്നതായി പോലീസ് പറഞ്ഞു. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ പോക്‌സോ കേസ് ചുമത്തുമെന്ന് പോലീസ് പറഞ്ഞു.
Most Read: സസ്‌പെന്‍ഷന്‍; പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി