കൊച്ചി: കെടി ജലീല്‍ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഓഫിസില്‍ ഹാജരായി. ചന്ദ്രിക അക്കൗണ്ട് വഴി മുസ്‌ലിം ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനാണ് കെടി ജലീല്‍ എത്തിയത്.
ഇക്കഴിഞ്ഞ രണ്ടിന് ജലീല്‍ ഇഡിക്ക് മുന്നിൽ ഹാജരായി വിവരങ്ങളും തെളിവുകളും കൈമാറിയിരുന്നു. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് കൂടുതല്‍ തെളിവുകള്‍ നല്‍കാൻ ഇപ്പോൾ ജലീല്‍ എത്തിയത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് ജലീല്‍ ഇഡി ഓഫിസില്‍ ഹാജരായത്. ഇന്ന് രാവിലെ ആയിരുന്നു കൂടിക്കാഴ്‌ച.
പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്നും സഹകരണ ബാങ്കുകളിലെ ഇഡി അന്വേഷണമെന്ന ആവശ്യം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ജലീലിന്റെ പ്രതികരണം.
അതേസമയം പികെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്താനുള്ള പോരാട്ടം തുടരുമെന്നും ജലീൽ വ്യക്‌തമാക്കിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്താനുള്ള പോരാട്ടം 2006ല്‍ ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021ലും ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണിത്; ജലീൽ പറഞ്ഞു.
ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് 7 സുപ്രധാന തെളിവുകൾ ഇഡിക്ക് കൈമാറുമെന്നാണ് ജലീൽ പറഞ്ഞിരുന്നത്. ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫിസിന് സ്‌ഥലം വാങ്ങിയത് ഉൾപ്പടെയുള്ള രേഖകൾ കൈമാറുമെന്ന് ജലീൽ അറിയിച്ചിരുന്നു. 2011ൽ നടന്ന രജിസ്ട്രേഷന്റെ പണമിടപാട് നടന്നത് 2016ലാണെന്നും, ഇത് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണെന്നും ജലീൽ ചൂണ്ടിക്കാട്ടിയിരുന്നു.
Most Read: ലീഗിൽ നിന്ന് സ്‌ത്രീകൾ ഇതിൽകൂടുതൽ മാന്യത പ്രതീക്ഷിക്കരുത്; എ വിജയരാഘവൻ