മാഡ്രിഡ്: മോശം പ്രകടനം തുടർന്ന് സ്‌പാനിഷ് ക്ളബ്ബ് ബാഴ്സലോണ. ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോടും റൊണാൾഡ് കോമാന്റെ സംഘം അടിയറവ് പറഞ്ഞു.
ജയത്തോടെ 17 പോയന്റുമായി അത്‌ലറ്റിക്കോ ലീഗിൽ രണ്ടാം സ്‌ഥാനത്ത് നിലയുറപ്പിച്ചു.
എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സ പരാജയം ഏറ്റുവാങ്ങിയത്. ലൂയിസ് സുവാരസാണ് ബാഴ്സയുടെ ഗോൾവല കുലുക്കിയത്. കോമാൻ പരിശീലകനായി എത്തിയതിന് പിന്നാലെ ടീമിൽ നിന്ന് ഒഴിവാക്കിയ സുവാരസ് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.
സുവാരസിന്റെ കൃത്യമായ പാസിൽ നിന്ന് തോമസ് ലെമറാണ് 23ആം മിനിറ്റിൽ അത്‌ലറ്റിക്കോയ്‌ക്കായി ആദ്യ ഗോൾ കണ്ടെത്തിയത്. 44ആം മിനിറ്റിലായിരുന്നു സുവാരസിലൂടെയുള്ള രണ്ടാം ഗോൾ. അതേസമയം തന്റെ മുൻ ടീമിനെതിരായ ഗോൾ നേട്ടം സുവാരസ് ആഘോഷിച്ചില്ല.
മൽസരത്തിലുടനീളം പന്ത് കൈവശം വെക്കാൻ സാധിച്ചെങ്കിലും ഗോൾ നേടാൻ കഴിയാത്തതാണ് ബാഴ്‌സയ്‌ക്ക് തിരിച്ചടിയായത്.
ലീഗിൽ 12 പോയന്റ് മാത്രമുള്ള ബാഴ്സ നിലവിൽ ഒൻപതാം സ്‌ഥാനത്താണ്. കഴിഞ്ഞ ആറു മൽസരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീം വിജയിച്ചത്.
Most Read: സ്‌മാര്‍ട്ട് ഫോണുകള്‍ക്കും ടിവികള്‍ക്കും ഡിസ്‌ക്കൗണ്ട്; ഷവോമി ദീപാവലി വില്‍പന ഇന്ന് മുതല്‍