ഇടുക്കി: മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് പത്ത് മണിക്കൂറിന് ശേഷം. വട്ടവട സ്വാമിയാർ അളകോളനിയിൽ ലക്ഷ്‌മി ഗോവിന്ദനാണ് (42) മണിക്കൂറുകളോളം അവശനിലയിൽ വീട്ടിൽ കഴിഞ്ഞത്.
ശനിയാഴ്‌ച രാത്രി ഏഴരയോടെ കോവിലൂരിൽ നിന്നും ആദിവാസി കോളനിയായ സ്വാമിയാർ അളകുടി റോഡിലേക്ക് കനത്ത മഴയിൽ മലയിടിഞ്ഞു വീഴുകയായിരുന്നു. ഇവിടെ ഗതാഗതം പൂർണമായി തടസപ്പെടുകയും ചെയ്‌തു. രാത്രി ഒൻപത് മണിയോടെയാണ് വീട്ടമ്മയായ ലക്ഷ്‌മി രക്‌തസമ്മർദ്ദം കുറഞ്ഞ് അവശനിലയിലായത്. തുടർന്ന് പ്രദേശവാസികൾ ഇവരെ വാഹനത്തിൽ കയറ്റി കോവിലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മണ്ണിടിഞ്ഞ് കിടന്നതിനാൽ വാഹനം മുൻപോട്ട് കൊണ്ടുപോകാൻ കഴിയാതെ രോഗിയുമായി ഇവർ മടങ്ങുകയായിരുന്നു.
സ്വാമിയാർ അളകുടിയിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ വിവരം പുറത്ത് അറിയിക്കാനും കഴിഞ്ഞില്ല. രാത്രി നാട്ടുകാർ പ്രാഥമിക ചികിൽസ നൽകിയെങ്കിലും ലക്ഷ്‌മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. തുടർന്ന് ഞായറാഴ്‌ച രാവിലെ ജില്ലാ പഞ്ചായത്തംഗം സി രാജേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങി.
പത്ത് മണിയോടെയാണ് മണ്ണ് നീക്കി ഗതാഗതം പുനഃസ്‌ഥാപിക്കാനായത്. ലക്ഷ്‌മിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. ഗതാഗത സംവിധാനം തീരെ കുറഞ്ഞ പ്രദേശത്ത് പ്രകൃതി ദുരന്തങ്ങളോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടായാൽ പുറംലോകത്തെ അറിയിക്കാൻ പോലും കഴിയാത്ത അവസ്‌ഥയിലാണ് സ്വാമിയാർ അളകുടിയിലെ ആദിവാസി വിഭാഗങ്ങൾ.
Also Read: പാകിസ്‌ഥാനെതിരായ തോൽവി; കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം