പുറത്തു പോകുമ്പോഴും, വീട്ടിൽ ഇരിക്കുമ്പോഴും ക്ഷീണം തോന്നിയാൽ നമ്മൾ ആദ്യം തീരുമാനിക്കുക ഒരു നാരങ്ങാവെള്ളം കുടിച്ചാലോ എന്നായിരിക്കും. ദാഹവും ക്ഷീണവും അകറ്റുന്നതിന് ഒപ്പം തന്നെ സ്വാദിലും നാരങ്ങാവെള്ളം മുന്നിൽ തന്നെയാണ്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന നാരങ്ങാവെള്ളം പല തരത്തിൽ നമുക്ക് ഉണ്ടാക്കാൻ സാധിക്കും. തിളപ്പിച്ച നാരങ്ങാവെള്ളം ആണ് അതിലൊന്ന്. സാധാരണ വെള്ളത്തിനും തണുത്ത വെള്ളത്തിനും പകരം തിളപ്പിച്ച വെള്ളമാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്.
നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്‌ളേവനോയിഡ് നാരങ്ങയിൽ ധാരാളമുണ്ട്. കൂടാതെ കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്. തിളപ്പിക്കുമ്പോൾ പോഷക ഗുണങ്ങൾ കുറയും എന്നാൽ ചില പഠനങ്ങൾ പറയുന്നതെങ്കിലും തിളപ്പിച്ച നാരങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ട്.
ഏറെ ഗുണം ചർമ്മത്തിന്
ചർമ്മത്തിന്റെ ആരോഗ്യത്തിന് സംരക്ഷണം നൽകാൻ ഏറെ നല്ലതാണ് നാരങ്ങവെള്ളം. വൈറ്റമിൻ സി ധാരാളമടങ്ങിയതാണ് ഇതിന്റെ പ്രധാന കാരണം. കൂടാതെ പ്രായമാകലിന്റെ ലക്ഷണങ്ങൾ കുറക്കുകയും, മുഖക്കുരു വരുന്നത് തടയുകയും ചെയ്യും. ഒപ്പം ചർമ്മത്തിന് തിളക്കവും ഉണർവും കിട്ടുന്നതിന് നാരങ്ങാവെള്ളം ദിവസവും കുടിക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും.
രക്‌തസമ്മർദ്ദം കുറയും
നാരങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുള്ള കാൽസ്യം, പൊട്ടാസ്യം എന്നിവ രക്‌തസമ്മർദ്ദം കുറക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ രക്‌തസമ്മർദ്ദം വളരെപ്പെട്ടെന്ന് സാധാരണ നിലയിലാക്കാൻ നാരങ്ങാവെള്ളം സഹായിക്കുമെന്നും പഠനങ്ങൾ വ്യക്‌തമാക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കാൻ
പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വിറ്റാമിൻ സി ഏറെ നല്ലതാണ്. അതിനാൽ തന്നെ ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർധിക്കാൻ സഹായിക്കും. കൂടാതെ ശ്വസന രോഗങ്ങളിൽ നിന്നും ഇത് കൂടുതൽ സംരക്ഷണം നൽകുന്നുണ്ട്.
ദഹനം മെച്ചപ്പെടുത്താൻ
മലബന്ധം, നെഞ്ചെരിച്ചിൽ, വയറിനു കനം തുടങ്ങിയവ മൂലം വിഷമിക്കുന്നവർക്ക് ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ളാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ഈ പ്രശ്‌നങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കും.
പ്രധാനമായും രണ്ട് തരത്തിലാണ് തിളപ്പിച്ച നാരങ്ങാവെള്ളം ഉണ്ടാക്കുന്നത്. ഒന്നാമതായി ഒരു നാരങ്ങയുടെ മുറി പിഴിഞ്ഞെടുക്കുക. ഈ നാരങ്ങാ നീര് ഒരു ഗ്ളാസ് തിളപ്പിച്ച വെള്ളത്തിൽ ചേർക്കുക. ചൂടാറിയ ശേഷം കുടിക്കാം. രണ്ടാമതായി നാരങ്ങാ ചെറിയ കഷണങ്ങളായി മുറിക്കാം. തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളത്തിലേക്ക് നാരങ്ങാ മുറി ഇടുക. തണുത്ത ശേഷം കുടിക്കാം.
അതേസമയം നാരങ്ങാവെള്ളം ദിവസവും അമിതമായി കുടിക്കുന്നത് ചില ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയാകുകയും ചെയ്യും. അമിതമായ നാരങ്ങാവെള്ള ഉപയോഗം പല്ലിന്റെ ഇനാമലിന് കേടു വരുത്തും. ദിവസം ഒന്നോ രണ്ടോ ഗ്ളാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യ ഗുണങ്ങളേകും.
Read also: അനുസരണ ഒട്ടും ഇല്ല; കൊവാലയുടെയും കുഞ്ഞിന്റെയും വീഡിയോ വൈറലാകുന്നു