ന്യൂഡെല്‍ഹി: രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ യുപി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി. രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിലൂടെ രാഷ്‍ട്രീയ മൈലേജ് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആരോപണം.
”രാഷ്‍ട്രപതിക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ സന്ദർശനത്തിലൂടെ രാഷ്‍ട്രീയ മൈലേജ് നേടാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യന്‍ രാഷ്‍ട്രപതി നടത്തുന്ന ഒരു യാത്രയായല്ല ഇത് അനുഭവപ്പെടുന്നതെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല, ഇത് ബിജെപിയുടെ മുതിര്‍ന്ന നേതാവിന്റെ യാത്രയാണെന്ന് തോന്നുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ രാഷ്‍ട്രപതിയെ പോലും ബിജെപി ഉപയോഗിക്കുകയാണ്”- സമാജ്‌വാദി പാര്‍ട്ടി നേതാവ് പവന്‍ പാണ്ഡെ പറഞ്ഞു.
രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് രാഷ്‍ട്രപതി യുപിയിൽ എത്തുന്നത്. ആദ്യത്തേത് ജൂണിലായിരുന്നു. ഇത്തവണത്തെ സന്ദര്‍ശനം നാല് ദിവസത്തേക്കാണ്. സന്ദര്‍ശനം അവസാനിപ്പിക്കുന്നതിന് മുൻപ് രാഷ്‍ട്രപതി ശ്രീരാമക്ഷേത്ര നിര്‍മാണ സ്ഥലം സന്ദര്‍ശിക്കുകയും പൂജ നടത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്.
Read also: രേഖകളില്ല; അഫ്‌ഗാൻ വനിതാ എംപിയെ ഇന്ത്യ തിരിച്ചയച്ചു