തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ള ജീവനക്കാര്‍ എല്ലാ ദിവസവും രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. കൂടാതെ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധനക്ക് വിധേയരാക്കാനായി കളക്‌ട്രേറ്റുകളിലും ജില്ലാ ഓഫീസുകളിലും സൗകര്യം ഒരുക്കണം.
ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ ആദ്യം ആന്റിജന്‍ പരിശോധന നടത്തണം. ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ നെഗറ്റീവ് ആയാലും വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്‌തമാക്കി. കൂടാതെ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും ആന്റിജന്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. ഒപ്പം തന്നെ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്ന ജീവനക്കാര്‍ ഡ്യൂട്ടിയില്‍ കയറുന്നതിന് മുന്‍പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read also :കര്‍ഷക സമരം: മോദി സര്‍ക്കാര്‍ കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുന്നു; ഉമ്മന്‍ ചാണ്ടി