കൊച്ചി: എറണാകുളം കാലടിയിൽ കാഴ്‌ച ശക്‌തിയില്ലാത്ത ലോട്ടറി വിൽപ്പനക്കാരന്റെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയ വാർത്തയറിഞ്ഞു സഹായ ഹസ്‌തവുമായി ഒരു വ്യാപാരി. മറ്റൂർ ജങ്ഷനിൽ നിന്നാണ് മോഷണത്തിന്റെയും ഒപ്പം കാരുണ്യത്തിന്റെയും വാർത്തകൾ പുറത്തുവരുന്നത്. എറണാകുളം കാലടി പിരാരൂർ സ്വദേശി അപ്പുവിന്റെ 24 ലോട്ടറി ടിക്കറ്റുകളാണ് മോഷണം പോയത്.
അപ്പുവിന്റെ സങ്കടം അറിഞ്ഞെത്തിയ സമീപത്തെ വ്യാപാരിയാണ് 24 ടിക്കറ്റുകളെയും പണം നൽകി കാരുണ്യത്തിന്റെ കരം നീട്ടിയത്. കാലടി പിരാരൂർ സ്വദേശിയായ അപ്പുവിനും രമക്കും നേരിടേണ്ടി വന്നത് മനുഷ്യമനഃസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവമാണ്. കാഴ്‌ച പരിമിതമായ ഇരുവർക്കും ഇത് മാത്രമാണ് ഏക ഉപജീവന മാർഗം. ലോട്ടറി വാങ്ങാനെത്തിയ ആൾക്ക് മുന്നിൽ ടിക്കറ്റുകളും സമ്മാനങ്ങളും പരിചയപ്പെടുത്തുന്നതിനിടെയാണ് അപ്പു കബളിപ്പിക്കപ്പെട്ടത്.
രണ്ടു കെട്ട് ടിക്കറ്റുകളുമായി ഇയാൾ കടന്നുകളഞ്ഞത് അപ്പു അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോൾ അപ്പുവിന് സങ്കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 24 ടിക്കറ്റുകൾ ഒന്നിച്ചു നഷ്‌ടപ്പെട്ടതിന്റെ വേദനയിൽ അപ്പുവും ഭാര്യയുമിരിക്കുമ്പോഴാണ് വിവരമറിഞ്ഞു സമീപത്ത് കച്ചവടക്കാരനായ സനോജ് നഷ്‌ടപ്പെട്ട മുഴുവൻ ടിക്കറ്റുകളുടെയും തുക നൽകി അപ്പുവിനെ ചേർത്തുപിടിച്ചത്.
പിന്നാലെ സഹായ പ്രവാഹമായി. കബളിപ്പിക്കപ്പെട്ടതിന്റെ ദുഃഖം ആളുകളുടെ പിന്തുണയും സഹായവുമെത്തിയതോടെ അപ്പുവിനും മാറി. അപ്പുവിന് പരാതി ഇല്ലെങ്കിലും കാഴ്‌ചപരിമിതമായ ദമ്പതികളെ കബളിപ്പിച്ചയാളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലൈഫ് പദ്ധതിയിൽ അനുവദിച്ച അപ്പുവിന്റെ വീടിന്റെ നിർമാണം നടന്നുവരികയാണ്.
Most Read| വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്