മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് നായകൻ മോഹൻലാൽ. ചിത്രത്തിന്റെ ട്രെയ്‌ലർ ഫെബ്രുവരി 8ആം തീയതി റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘നിഗൂഢതകൾ തുടരുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. ഇതോടെ മലയാളിപ്രേക്ഷകർ ഒന്നടങ്കം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.
ചിത്രത്തിന്റെ പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞ ദിവസം പൂർത്തിയായതായി സംവിധായകൻ ജിത്തു ജോസഫ് പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. 2021ന്റെ തുടക്കത്തിൽ തന്നെ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ദൃശ്യം 2 അണിയറപ്രവർത്തകർ രംഗത്ത് വന്നിരുന്നു. എന്നാൽ ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യം ഉയർന്നെങ്കിലും, ഒടിടി റിലീസ് ചെയ്യുമെന്ന തീരുമാനത്തിൽ തന്നെ നിർമ്മാതാക്കൾ ഉറച്ചു നിൽക്കുകയായിരുന്നു. ആമസോൺ പ്രൈം വഴിയാണ് ദൃശ്യം 2 റിലീസ് ചെയ്യുക.
2013ൽ ജിത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യം വലിയ വിജയമായിരുന്നു. തുടർന്ന് ഈ കോവിഡ് കാലത്താണ് ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തിൽ ഉള്ള മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. കൂടാതെ മുരളി ഗോപി, ഗണേഷ് കുമാർ. സായ്‌കുമാർ തുടങ്ങിയ മറ്റ് താരങ്ങളും രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ജിത്തു ജോസഫാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പാണ്.
Read also : റിലീസ് ചെയ്‌ത് രണ്ടാം വാരം തന്നെ ഒടിടിയിൽ; ‘വാങ്ക്’ ഇനി നീസ്ട്രീമിൽ കാണാം