പുലിമുരുകനെ വെല്ലുന്ന ആക്ഷനുമായി, തിയേറ്ററുകളെ ഉൽസവ പറമ്പാക്കാൻ എത്തുന്ന മോഹൻലാൽ- ബി ഉണ്ണികൃഷ്‌ണൻ കൂട്ടുകെട്ടിന്റെ ‘മാസ് മസാല’ എന്റർടെയ്‌നർ ‘ആറാട്ട്’ മൂവി അതിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത് ഇന്നലെ വൈകിട്ടായിരുന്നു. ഇപ്പോൾ, വെറും 17 മണിക്കൂർ പിന്നിടുമ്പോൾ ഈ ട്രെയ്‌ലർ ഔദ്യോഗിക യുട്യൂബിൽ മാത്രം കണ്ടത് 21,97,188 പ്രേക്ഷകർ!
‘ആറാട്ട്’ സിനിമയെ, പ്രേക്ഷകർ എത്രമാത്രം ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് തെളിയിക്കുന്നതാണ് ട്രെയ്‌ലറിന്റെ സ്വീകാര്യത. തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ആവേശത്തോടെ കാണാൻ കഴിയുന്ന എന്റർടെയ്‌നർ ചിത്രമാണ് ‘ആറാട്ടെ’ന്ന് അടിവരയിടുന്നതാണ് ട്രെയ്‌ലർ. തീപ്പൊരി ആക്ഷൻ രംഗങ്ങളുള്ള ചിത്രം കോമഡിക്കും പ്രാധാന്യം നൽകുന്നുണ്ട്.
ചിത്രത്തിൽ ‘നെയ്യാറ്റിൻകര ഗോപൻ’ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ബി ഉണ്ണികൃഷ്‌ണന്റെ 12ആമത് സംവിധാന സംരംഭമായ ‘ആറാട്ടി’ന് രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്‌ണയാണ്. 2019ൽ റിലീസ് ചെയ്‌ത ദിലീപ് നായകനായ ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ തിയേറ്ററുകളും വലിയ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ്.
വിജയ് ഉലകനാഥ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റർ സമീർ മുഹമ്മദാണ്. ശ്രദ്ധ ശ്രീനാഥാണു നായിക. ഐഎഎസ് ഓഫിസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് എത്തുന്നത്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു ‘ആറാട്ടി’ൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നെടുമുടി വേണു, സായ്‌കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്‌ത്രാലങ്കാരം: സ്‌റ്റെഫി സേവ്യർ. സൈന മൂവീസിന്റെ യൂട്യൂബ് വഴിയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുന്നത്.
Most Read: അണ്ടർ-19 ലോകകപ്പ് ഫൈനൽ; അഞ്ചാം കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും