കോഴിക്കോട്: നിപ പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് കർമ പദ്ധതികൾ തയ്യാറാക്കി. സാമ്പിളുകൾ ശേഖരിക്കാനും പരിശോധനയ്‌ക്ക് അയക്കാനും വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് കർമ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ കോർ ഗ്രൂപ്പ് അംഗങ്ങളുടെ നിപാ അവലോകന യോഗത്തിലാണ് പദ്ധതി തയ്യാറാക്കിയത്.
കോവിഡ്, നിപാ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം ഉണ്ടാക്കാതെ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തിയ നേരിയ ലക്ഷണങ്ങളുള്ള, റൂം ക്വാറന്റെയ്‌നിൽ കഴിയുന്നവരായ ആളുകൾക്ക് സൗകര്യ പ്രദമായ വിധത്തിൽ കോവിഡ്, നിപാ പരിശോധനകൾ നടത്താൻ മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ, രണ്ടു മൊബൈൽ ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്.
അവലോകന യോഗത്തിൽ എൻഐവി സംഘം, വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് അധികൃതർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ, ജില്ലാ കളക്‌ടർ തുടങ്ങിയവർ പങ്കെടുത്തു. നിപയുടെ ഉറവിടം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ നടന്ന് വരികയാണെന്നും, കൂടുതൽ പേർക്ക് പോസിറ്റീവ് റിപ്പോർട് ചെയ്യാത്തത് ആശ്വാസകരമായ വർത്തയാണെന്നും യോഗം വിലയിരുത്തി.
Read Also: മലമ്പുഴ ഡാം പരിസരത്തെ അഭ്യാസ പ്രകടനം; യൂട്യൂബ് വ്‌ളോഗർമാർക്ക് പിഴശിക്ഷ