വയനാട്: ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. വവ്വാലുകളിൽ നിപ സാന്നിധ്യം സ്‌ഥിരീകരിച്ചെങ്കിലും ആശങ്കയൊന്നും ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. വവ്വാലുകളെ ആവാസ വ്യവസ്‌ഥയിൽ നിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുതെന്നാണ് നിർദ്ദേശം. ചെറിയ പനിയാണെങ്കിൽ പോലും സ്വയം ചികിൽസ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലാണ് വൈറസ് ബാധയുള്ള വവ്വാലുകളെ കണ്ടെത്തിയത്. ജാഗ്രതാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതുജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം. രോഗലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും മറ്റു ജില്ലകളിലും നിപയുടെ സാന്നിധ്യത്തെ കുറിച്ച് നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ പൊതുജന അവബോധം സൃഷ്‌ടിക്കുന്നതിനും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി.
എന്നാൽ, നിപ സ്‌ഥിരീകരണം ജില്ലയിലെ ടൂറിസത്തെയും കച്ചവടത്തേയുമെല്ലാം ബാധിക്കുമോയെന്ന ആശങ്ക ഉയരുകയാണ്. എന്നാൽ, ഭയം വേണ്ട ജാഗ്രത മതിയെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, അസുഖങ്ങൾക്കുള്ള സ്വയം ചികിൽസ മാറ്റിവെച്ചു ഡോക്‌ടറെ കാണുക എന്നിങ്ങനെയാണ് നിർദ്ദേശം. ലക്ഷണങ്ങൾ കാണിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ഡിഎംഒ അറിയിച്ചു.
Most Read| ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; എതിർപ്പുമായി കേരളം- ബദൽ സാധ്യത തേടും