തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി അവസാനത്തോടെ ഡിജിപി ലോക്നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും മാറുമെന്ന് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് ഡിജിപിയെ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനൗദ്യോഗികമായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനം ഉണ്ടാവാത്തതോടെയാണ് ഡിജിപിയെ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നത്.
ക്രമസമാധാന ചുമതലയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്‌ഥരെ മാറ്റിയ ശേഷമാണ് തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കേണ്ടതെന്ന കീഴ്‌വഴക്കം ഉണ്ടെങ്കിലും സാധാരണഗതിയില്‍ പരാതി ഇല്ലാതെ ഉന്നത ഉദ്യോഗസ്‌ഥരെ മാറ്റാറില്ല. നിലവില്‍ ലോക്നാഥ് ബെഹ്റക്ക് അടുത്ത ജൂണ്‍ വരെയാണ് കാലാവധി. തിരഞ്ഞെടുപ്പ് കാലത്ത് മറ്റൊരു ഉദ്യോഗസ്‌ഥന് ചുമതല നല്‍കുകയും ഭരണമാറ്റം ഉണ്ടാകുകയും ചെയ്‌താല്‍ ബെഹ്റക്ക് ക്രമസമാധാന ചുമതലയില്‍ ഇരുന്ന് വിരമിക്കാന്‍ സാധിക്കില്ല.
ഡോ വിശ്വാസ് മേത്ത ഫെബ്രുവരിയില്‍ വിരമിക്കുന്നതിനാല്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ ചീഫ് സെക്രട്ടറിയും ചുമതലയേല്‍ക്കും. സീനിയോറിറ്റിയില്‍ മുന്നിലുള്ള ആനന്ദ് കുമാര്‍, അജയ് കുമാര്‍, ഇന്ദര്‍ജീത്ത് സിംഗ്, വിപി ജോയ് എന്നിവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇവര്‍ എത്താതിരുന്നാല്‍ ടികെ മനോജ് കുമാറിന് സാധ്യതയുണ്ട്. ഇദ്ദേഹവും വന്നില്ലെങ്കില്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെ ജോസ് ചീഫ് സെക്രട്ടറിയാകും.
Read also: ഡോക്‌ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും