തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉടൻ തന്നെ എല്ലാ എക്‌സ്‍പ്രസ് ട്രെയിനുകളിലും റിസർവേഷൻ ഇല്ലാത്ത കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തുമെന്ന് വ്യക്‌തമാക്കി ദക്ഷിണ റെയിൽവേ. ഒപ്പം തന്നെ എല്ലാ പാസഞ്ചർ ട്രെയിനുകളും ഉടൻ തന്നെ ആരംഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. തീവണ്ടികളിൽ സീസൺ ടിക്കറ്റുകൾ അനുവദിക്കണമെന്നും പാസഞ്ചർ, മെമു സർവീസുകൾ പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് എൻകെ പ്രേമചന്ദ്രൻ എംപി ദക്ഷിണ റെയിൽവേ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് റെയിൽവേ അധികൃതർ ഇക്കാര്യം വ്യക്‌തമാക്കിയത്.
എക്‌സ്‍പ്രസ് തീവണ്ടികളിലെ റിസർവേഷനില്ലാത്ത കോച്ചുകളിൽ സീസൺ ടിക്കറ്റുകൾ നവംബർ, ഡിസംബർ മാസത്തോടെ പുനഃസ്‌ഥാപിക്കും. നിലവിൽ 96 ശതമാനം എക്‌സ്‍പ്രസ് ട്രെയിനുകളും സർവീസ് ആരംഭിച്ചെന്നും, ബാക്കിയുള്ളവ ഡിസംബർ മാസത്തോടെ പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. 23 തീവണ്ടികളിൽ സീസൺ ടിക്കറ്റുകൾ നൽകിത്തുടങ്ങി. കോച്ചുകളുടെ ലഭ്യതയും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും പരിശോധിച്ചാണ് കൂടുതൽ കോച്ചുകൾ കൂട്ടിച്ചേർക്കുന്നതെന്നും, ഇതിന് സമയമെടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സാധാരണ തീവണ്ടി സർവീസുകൾ ആരംഭിക്കുന്നതോടെ പ്രത്യേക തീവണ്ടികളിൽ ഈടാക്കുന്ന അധിക നിരക്ക് ഇല്ലാതാകുകയും ചെയ്യും. കൊല്ലം, തിരുവനന്തപുരം സെൻട്രൽ, നേമം, കൊച്ചുവേളി ടെർമിനലുകളുടെ വികസനത്തിനും ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിലുള്ള പാതയിരട്ടിപ്പിനുമാണ് റെയിൽവേ നിലവിൽ പ്രാധാന്യം നൽകുന്നത്. ഇവ പൂർത്തിയാകുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: വിധി ദിനം; 13 സംസ്‌ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം