മലപ്പുറം: കോവിഡ് പശ്‌ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്-ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പാര്‍ട്ടികളും സ്‌ഥാനാർഥികളും പാലിക്കേണ്ട മാർഗനിർദ്ദേശം പുറത്തിറക്കി. പ്രചാരണ സമയങ്ങളില്‍ വോട്ടർമാരുടെ ഗൃഹസന്ദര്‍ശനത്തിന് സ്‌ഥാനാർഥിയടക്കം അഞ്ചു പേര്‍ മാത്രമേ പാടുള്ളു. വീടുകള്‍ക്കകത്തേക്ക് പ്രവേശിക്കാനും പാടില്ല. മാസ്‌ക്, സാമൂഹിക അകലം എന്നിവ കര്‍ശനമായി പാലിക്കണം.
മാസ്‌ക് മുഖത്ത് നിന്ന് താഴ്‌ത്തി ആരെയും അഭിമുഖീകരിക്കരുത്. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്‌ത്താന്‍ പാടില്ലാത്തതും സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കേണ്ടതുമാണ്. ക്വാറന്റെയിനിലുള്ള വീടുകളിലും കോവിഡ് രോഗികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, ഗുരുതര രോഗബാധിതര്‍ എന്നിവരുള്ള വീടുകളിലും പ്രചാരണം നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
യോഗങ്ങള്‍ നടത്തുന്ന ഹാളുകളിലും മുറിയുടെ കവാടത്തിലും സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. കഴിയുന്നതും വലിയ ഹാള്‍ കണ്ടെത്തുകയും എസി പ്രവര്‍ത്തിപ്പിക്കാതിരിക്കുകയും ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുകയും വേണം.
കൈ കഴുകാനുള്ള സൗകര്യം, വിശ്രമ മുറി, ശൗചാലയം എന്നിവിടങ്ങളില്‍ സോപ്പും വെള്ളവും ഉറപ്പുവരുത്തുകയും അണുനശീകരണം നടത്തുകയും ചെയ്യണം. പനി, ചുമ, ജലദോഷം എന്നിവയുള്ളവര്‍ പ്രചാരണത്തിന് പോകരുത്. ജാഥകളും പൊതുയോഗങ്ങളും കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം നടത്തണം.
Also Read: എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം; എംകെ രാഘവൻ എംപി