തിരുവനന്തപുരം: സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ താൻ തീരുമാനം എടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂർ വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്‌തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സംസ്‌ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഭരണത്തലവനായ ഗവർണർ ഇത്തരമൊരു കത്ത് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിന് പുറമേ കാലടി സർവകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിച്ചെന്ന ഗവർണറുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ഗൗരവമുള്ളതാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു. വിഷയത്തിൽ ലോകായുക്‌തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read: തനിക്കെതിരെ ഗൂഢാലോചന നടന്നു; ഡോക്‌ടറേറ്റ് വിവാദത്തിൽ ഷാഹിദാ കമാൽ