അണ്ണാഡിഎംകെ പിടിച്ച് പളനിസാമി; പനീർസെൽവത്തെ പുറത്താക്കി

By Desk Reporter, Malabar News
Palanisamy holding Anna DMK; Panneerselvam was dismissed
Ajwa Travels

ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തെ പാർട്ടിയിൽനിന്നു പുറത്താക്കി അണ്ണാഡിഎംകെ. തിങ്കളാഴ്‌ച ചേർന്ന പാർട്ടി ജനറൽ കൗണ്‍സിൽ യോഗത്തിൽ എടപ്പാടി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പ്രത്യേക പ്രമേയത്തിലൂടെയാണ്‌ പനീര്‍ശെല്‍വത്തെ പുറത്താക്കിയ നടപടിയുണ്ടായത്.

‘പാർട്ടി വിരുദ്ധ’ പ്രവർത്തനങ്ങളുടെ പേരിലാണ് ഒപിഎസിനെ പുറത്താക്കിയത്. പനീർസെൽവത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ നടപടി വേണമെന്ന് ജനറൽ കൗൺസിൽ യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് പ്രത്യേകപ്രമേയം പാസാക്കിയാണ് നടപടി.

മുതിർന്ന നേതാക്കളും ഒപിഎസ് അനുഭാവികളുമായ ജെസിഡി പ്രഭാകർ, ആർ വൈത്തിലിംഗം, പിഎച്ച് മനോജ് പാണ്ഡ്യൻ എന്നിവരെയും അണ്ണാഡിഎംകെയിൽ നിന്നു പുറത്താക്കി. അതേസമയം, എടപ്പാടി പളനിസ്വാമിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി പനീർസെൽവവും പ്രഖ്യാപിച്ചു. ഒന്നരക്കോടി പാർട്ടി കേഡർമാർ ചേർന്നു കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്ത തന്നെ പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഒപിഎസ് പറഞ്ഞു.

നാല് മാസത്തിനുള്ളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജനറൽ കൗണ്‍സിൽ യോഗത്തിൽ തീരുമാനമായി. ജനറൽ സെക്രട്ടറി സ്‌ഥാനത്തേക്ക് മൽസരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി. പാർട്ടിയിൽ പ്രാഥമിക അംഗത്വമെടുത്തിട്ട് കുറഞ്ഞത് 10 വർഷമെങ്കിലും ആയവർക്ക് മാത്രമാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ യോഗ്യത. അന്തരിച്ച നേതാക്കളായ പെരിയോർ ഇവി രാമസാമി, സിഎൻ അണ്ണാദുരൈ, ജെ ജയലളിത എന്നിവർക്ക് ഭാരതരത്‌ന നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം യോഗത്തിൽ അംഗീകരിച്ചു.

എടപ്പാടി പളനിസാമി വിളിച്ചുചേർത്ത ജനറൽ കൗണ്‍സിൽ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് പനീർസെൽവം വിഭാഗം നൽകിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്‌ച രാവിലെ 9.15നു ആരംഭിക്കാൻ നിശ്‌ചയിച്ചിരുന്ന യോഗത്തിന് 9 മണിക്കാണ് കോടതി അനുമതി ന‍ൽകിയത്.

ഹൈക്കോടതി വിധിക്ക് മുന്നോടിയായി ചെന്നൈയിലെ പാർട്ടി ആസ്‌ഥാനത്തിന് പുറത്ത് ഇരു വിഭാഗങ്ങളെയും പിന്തുണക്കുന്നവർ പരസ്‌പരം ഏറ്റുമുട്ടിയിരുന്നു. ‌സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിനാൽ അണ്ണാ‍ഡിഎംകെ ആസ്‌ഥാനത്തിന്റ നിയന്ത്രണം ആർഡിഒ ഏറ്റെടുത്തു.

Most Read:  വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്വരൂപിച്ച ഫണ്ട് ദുരുപയോഗം ചെയ്‌തു; മേധാ പട്കറിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE