കണ്ണൂർ: ജില്ലയിലെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിന്റെ പരിധിയിൽ 12 ചാർജിംഗ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കാൻ അനുമതി. ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ ചാർജിംഗ് സ്‌റ്റേഷനുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും, ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കാനും സാധിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
തളിപ്പറമ്പ് ടൗൺ ടാക്‌സി സ്‌റ്റാൻഡ്, ധർമശാല, ചെക്യാട്ട്, ചേലേരിമുക്ക്, ചപ്പാരപ്പടവ്– തെറ്റുന്ന റോഡ്, കാഞ്ഞിരങ്ങാട് ആർടിഒ ഗ്രൗണ്ട്, കുറുമാത്തൂർ പൊക്കുണ്ട്, അഞ്ചാംപീടിക, മലപ്പട്ടം സെന്റർ, ചെറുവത്തലമൊട്ട, പറശിനിക്കടവ്, പൂവ്വം ടൗൺ എന്നിവിടങ്ങളിലാണ് പുതുതായി ചാർജിംഗ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കുക.
പ്രത്യേകം തയ്യാറാക്കുന്ന മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിച്ചാണ് ചാർജ് ചെയ്യുന്നതിനുള്ള പണം അടക്കേണ്ടത്. കൂടുതൽ ചാർജിംഗ് സ്‌റ്റേഷനുകൾ യാഥാർഥ്യമാകുന്നതോടെ നിലവിൽ ഇലക്‌ട്രിക് വാഹന ഉപയോക്‌താക്കൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരമാകുകയും കൂടുതൽ പേർ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങുകയും ചെയ്യുമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: മക്കയിലെ മസ്‌ജിദുൽ ഹറമിൽ തീർഥാടകരുടെ കയ്യാങ്കളി; അറസ്‌റ്റ്