കൊച്ചി: കൃഷിക്ക് അത്യാവശ്യമായ രാസവളം പൊട്ടാഷിന് വില ഉയരുന്നു. പൊട്ടാഷിന് മൂന്ന് മാസത്തിനിടെ വർധിച്ചത് ചാക്കിന് (50 കിലോഗ്രാം) 660 രൂപയാണ്. സെപ്റ്റംബറിൽ ചാക്കിന് 1040 രൂപയുണ്ടായിരുന്ന പൊട്ടാഷിന്റെ പുതിയ സ്‌റ്റോക്കിൽ വില 1700 രൂപയായി ഉയർന്നു. ഈ വർഷം ഏപ്രിലിൽ 850 രൂപയുണ്ടായ സ്‌ഥാനത്താണ് ഇപ്പോൾ വില ഇരട്ടിയായത്. നെല്ല്, പച്ചക്കറി, റബർ എന്നിവക്ക് അത്യാവശ്യമായ പൊട്ടാഷ് കേരളത്തിൽ ഏറ്റവും കൂടുതൽ കർഷകർ ഉപയോഗിക്കുന്ന രാസവളമാണ്.
റഷ്യ, ബെലാറൂസ്, കാനഡ, ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പൊട്ടാഷ് കൂടുതലായി ഇറക്കുമതി നടത്തിയിരുന്നത്. പൊട്ടാഷ് ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ കയറ്റുമതി നിർത്തിവയ്‌ക്കുകയോ നിയന്ത്രിക്കുകയോ ചെയ്‌തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പൊട്ടാസ്യം രാസവളങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലെ ഖനികളിൽ കനത്ത മഴ കാരണം വെള്ളം നിറഞ്ഞത് ഉൽപാദനം കുറയാൻ ഇടയാക്കിയിരുന്നു.
അതേസമയം, വിവിധ രാജ്യങ്ങളിൽ നല്ല മഴ കിട്ടിയതോടെ കാർഷിക മേഖല സജീവമാവുകയും പൊട്ടാഷ് ഉൾപ്പെടെയുള്ള വളങ്ങളുടെ ഉപയോഗം കൂടുകയും ചെയ്യുന്നത് ഉൽപന്നത്തിന്റെ ആവശ്യകത ഉയർത്തിയിട്ടുണ്ട്. പൊട്ടാഷ് വിലവർധനവ് കേരളത്തിലെ കാർഷിക മേഖലയെ സാരമായി തന്നെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ലീഗിന്റെ വഖഫ് റാലിക്കെതിരെ കേസ്