പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; നാല് വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു

By News Desk, Malabar News
Puttingal Temple Fire
Ajwa Travels

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതിയംഗങ്ങളുമടക്കം 52 പേരാണ് പ്രതികൾ. അപകടം നടന്ന് നാല് വർഷത്തിന് ശേഷമാണ് ക്രൈം ബ്രാഞ്ച് കൊല്ലം പരവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും വെടിമരുന്ന് അളവിൽ കൂടുതൽ ഉപയോഗിച്ചെന്ന് കുറ്റപത്രത്തിൽ വ്യക്‌തമാക്കി. അപകടത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ പൂർണമായും ക്‌ളീൻ ചിറ്റ് നൽകിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച പറ്റിയതായി കണ്ടെത്തിയ പി.എസ് ഗോപിനാഥൻ കമ്മീഷൻ ഇവർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥർക്ക്‌ ക്‌ളീൻ ചിറ്റ് നൽകിയത്.

കേരളചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30-ന് കൊല്ലം ജില്ലയിലുള്ള പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായത്. ഇതിൽ ഔദ്യോഗിക കണക്ക് പ്രകാരം 110 പേർ കൊല്ലപ്പെട്ടു. 300 ൽ അധികം ജനങ്ങൾക്ക് പരിക്കും സംഭവിച്ചു. പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിടിച്ചായിരുന്നു ദുരന്തം. ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ട് ജില്ലാ അധികൃതർ നേരത്തേ തടഞ്ഞിരുന്നു. എന്നാൽ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്‌തമാക്കിക്കൊണ്ട് ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. വർക്കല കൃഷ്‌ണൻ കുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. സംഭവം നടന്ന സമയം പുലർച്ചയായതിനാലും പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലായി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി. അമ്പലസമീപമുള്ള ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തുള്ള നൂറിലേറെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിനും അഗ്നിനാളത്തിനുമൊപ്പം കോൺക്രീറ്റ് പാളികൾ ആൾക്കൂട്ടത്തിലേക്ക് ചിതറിത്തെറിച്ചാണ് മരണം കൂടുതലും സംഭവിച്ചത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്തവിധം വികൃതമായിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേരളസർക്കാർ പത്തുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിരുന്നു.

Also Read: ശബരിമല വിമാനത്താവളം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE