പാറ്റ്ന: എല്‍ജെപി എംപി രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി മല്‍സരിക്കാന്‍ സാധ്യത. രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാന്‍ ഇവിടെ മല്‍സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ജെഡിയുവിന്റെ പിന്തുണ ലഭിച്ചേക്കില്ലെന്ന കാരണത്താല്‍ ബിജെപി പറയാതെ സ്‌ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടെന്ന നിലപാടിലാണ് എല്‍ജെപി.
‘ജെഡിയു ഞങ്ങളുടെ സ്‌ഥാനാര്‍ഥിയെ പിന്തുണക്കാന്‍ സാധ്യത ഇല്ലാത്തതിനാൽ ഞങ്ങള്‍ സ്‌ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധ്യത കുറവാണ്,’ എല്‍ജെപി വൃത്തങ്ങള്‍ അറിയിച്ചു.
ഡിസംബര്‍ 14ന് രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 26ന് വിജ്‌ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 3 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എന്‍ഡിഎയിലെ സഖ്യകക്ഷിയായ ജെഡിയുവുമായി എല്‍ജെപി നേതാവും രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് അകലുകയും ഭിന്നതയെ തുടര്‍ന്ന് എന്‍ഡിഎ വിടുകയും ചെയ്‌തിരുന്നു.
എന്നാല്‍ ബിജെപിയുമായി എല്‍ജെപിക്ക് ഭിന്നത ഉണ്ടായിരുന്നില്ല. രാജ്യസഭയിലേക്ക് എല്‍ജെപി സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ജെഡിയുവിന്റെ പിന്തുണ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുള്ളതിനാല്‍ ബിജെപി സ്‌ഥാനാര്‍ഥിയെ തന്നെ നിര്‍ത്തിയേക്കാനാണ് സാധ്യതയെന്നാണ് സൂചനകള്‍.
Read also: ഒവൈസിക്ക് കനത്ത തിരിച്ചടി; അൻവർ പാഷയും അനുയായികളും തൃണമൂൽ കോൺഗ്രസിൽ