കാബൂള്‍: താലിബാന് എതിരെയുള്ള പോരാട്ടത്തിന് തങ്ങൾ സജ്‌ജരാണെന്ന് പഞ്ച്ഷിറിലെ താലിബാന്‍ വിരുദ്ധ ജനകീയ പ്രതിരോധസേന തലവന്‍ അമീര്‍ അക്മല്‍. അഫ്ഗാനിൽ താലിബാനെ എതിര്‍ത്ത് നില്‍ക്കുന്ന അവസാന ഔട്ട്പോസ്‌റ്റുകളിൽ ഒന്നാണ് പഞ്ച്ഷിര്‍. ഏത് ഗേറ്റ് വഴിയും താലിബാനുമായി ഒരു യുദ്ധത്തിന് തങ്ങള്‍ തയ്യാറാണ് എന്നായിരുന്നു ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിൽ അമീര്‍ അക്മലിന്റെ പ്രതികരണം.
“ജനകീയ പ്രതിരോധസേനയില്‍ ചേര്‍ന്നവരിലധികവും യുവാക്കളും, പട്ടാളക്കാരും, മുന്‍ ജിഹാദി കമാന്‍ഡര്‍മാരുമാണ്. അവരാരും തന്നെ തടങ്കലില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു സംവിധാനമാണ് ഇവിടെ വേണ്ടത്. പട്ടാളത്തിനും യുദ്ധത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ പക്കലുണ്ട്. യുദ്ധമായാലും സമാധാനമായാലും താലിബാനെ എതിര്‍ക്കാന്‍ ഞങ്ങള്‍ സജ്‌ജരാണ്”- അമീര്‍ അക്മല്‍ പ്രതികരിച്ചു.
“അഫ്ഗാന്‍ സേനയില്‍ നിന്നുകൊണ്ട് ഞങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സാധിച്ചില്ല. ഇനി പ്രതിരോധ സേനക്കൊപ്പം നിന്നുകൊണ്ട് ഞങ്ങളുടെ സ്വാതന്ത്ര്യത്തിനും മണ്ണിനെ സംരക്ഷിക്കുന്നതിനും വേണ്ടി പോരാടണം”- പ്രതിരോധ സേനാംഗമായ ഹാമിദ് പറഞ്ഞു. എന്നാൽ തങ്ങൾക്ക് നിര്‍ദ്ദേശം ലഭിക്കുന്ന പക്ഷം പഞ്ച്ഷിർ കീഴടക്കുമെന്നാണ് താലിബാന്റെ വാദം.
Read also: ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി