പത്തനംതിട്ട: ശബരിമലയിൽ കതിന നിറയ്‌ക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അടിയന്തിര റിപ്പോർട് തേടി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. പത്തനംതിട്ട കളക്‌ടറോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. ഏത് സാഹചര്യത്തിലാണ് അപകടം ഉണ്ടായതെന്നും ശബരിമലയിലെ സുരക്ഷയെ കുറിച്ച് റിപ്പോർട് നൽകണമെന്നുമാണ് മന്ത്രിയുടെ നിർദ്ദേശം.
അപകടത്തിൽ പരിക്കേറ്റവർക്ക് ചികിൽസക്ക് ആവശ്യമായ എല്ലാ സജ്‌ജീകരണങ്ങളും ഒരുക്കണമെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ ഭാവിയിൽ ഉണ്ടാവാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിനും പോലീസിനും മന്ത്രി നിർദ്ദേശം നൽകി.
ശബരിമല മാളികപ്പുറം വെടിപ്പുരയിൽ കതിന പൊടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജയകുമാർ(47), അമൽ(28), രജീഷ്(35) എന്നിവർക്കാണ് പരിക്കേറ്റത്.
ജയകുമാറിന്റെ നില ഗുരുതരമാണ്. മൂന്ന് പേരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. കതിന നിറയ്‌ക്കുന്നതിടെയാണ് പൊട്ടിയത്.
Most Read: ഓൺലൈൻ ഗെയിമിങ്ങിന് ഇനി മുതൽ പ്രായപരിധി; കരട് പുറത്തിറക്കി കേന്ദ്രമന്ത്രി