മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം അനുവദിക്കും; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍

By Trainee Reporter, Malabar News
Malabar News_ Sabarimala
Representational image
Ajwa Travels

തിരുവനന്തപുരം: മണ്ഡലകാലത്ത് ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ശബരിമല ദര്‍ശനം സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. കോവിഡ് 19 മൂലം കഴിഞ്ഞ 7 മാസമായി ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വരുന്ന തുലാം, വൃശ്ചികം മാസങ്ങളില്‍ ദര്‍ശനത്തിന് ആളുകള്‍ക്ക് അനുവാദം നല്‍കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് അവലോകനയോഗം ചേര്‍ന്നത്. ഭക്തരുടെ എണ്ണം കുറക്കുന്നതിനും, വിര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ സാഹചര്യം കണക്കിലെടുത്ത് ദര്‍ശനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചുവെന്നും, സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, ദേവസ്വം സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ അംഗങ്ങളാണ്. സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഒരു ദിവസം എത്ര പേര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്നും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. പൂര്‍ണമായും വിര്‍ച്വല്‍ ക്യൂ വഴി എത്ര പേരെ സന്നിധാനത്ത് പ്രവേശിപ്പിക്കാം, തീര്‍ത്ഥാടകര്‍ക്ക് വേണ്ടി തയാറാകേണ്ട കോവിഡ് പ്രോട്ടോകോള്‍ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുലാം മാസത്തില്‍ ശബരിമലയില്‍ ദര്‍ശനം അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. തകര്‍ന്ന നിലക്കല്‍ പമ്പ റോഡ് നിര്‍മ്മാണവും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും തീരുമാനമെടുത്തിട്ടുണ്ട്.

കോവിഡ് രോഗബാധിതരല്ലെന്ന് ഉറപ്പിച്ച ശേഷം മാത്രമേ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. നെയ്യഭിഷേകം പഴയ രീതിയില്‍ നടത്താന്‍ സാധിക്കില്ല. അതിനു പകരം സംവിധാനം സജ്ജീകരിക്കും. സന്നിധാനത്ത് വിരിവെക്കാനുള്ള സൗകര്യം ഉണ്ടാകില്ല. അന്നദാനം പരിമിതമായ രീതിയില്‍ നടത്തും. പൊതുവായ പാത്രങ്ങള്‍ ഉപയോഗിക്കാതെ പകരം മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Related news: ശബരിമല; മണ്ഡലകാല പൂജക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE